തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അമിത ആത്‌മവിശ്വാസം, സംഘടനാ ദൗർലഭ്യം, പ്രാദേശിക വീഴ്‌ച തുടങ്ങിയവയാണ് അപ്രതീക്ഷിത തോൽവിക്ക് കാരണമായതെന്ന് എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ”സർക്കാരിന്റെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഒക്‌ടോബർ 29ലെ മന്ത്രിസഭാ തീരുമാനം വെച്ച് വിജയിക്കുമെന്ന അമിതമായ ആത്‌മവിശ്വാസം പൊതുവിൽ എൽഡിഎഫിന് ഉണ്ടായിരുന്നു.
ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് നഗരമേഖലകളിൽ ഉണ്ടായ സംഘടനാ ദൗർലഭ്യം ഈ തിരിച്ചടിക്ക് ഇടയാക്കി. പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങളിലുണ്ടായ ചില വീഴ്‌ചകളും അതത് മേഖലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തടസമായി നിൽക്കുന്ന സ്‌ഥിതിയുണ്ടായി.
ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും ശക്‌തമായ കള്ളപ്രചാരവേല നടത്തിയിരുന്നു. ആ പരിശ്രമം അവർ ഉദ്ദേശിച്ച പോലെ വിജയിച്ചില്ല. കണക്കുകൾ ഇതാണ് കാണിക്കുന്നത്. ശബരിമല ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. പണക്കൊഴുപ്പിന്റെ വലിയ സ്വാധീനം യുഡിഎഫും ബിജെപിയും ഉപയോഗിച്ചു.
ബിജെപിക്ക് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും നേരിയ വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. അവരുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. പാലക്കാട് പോലും കേവലഭൂരിപക്ഷം നേടാനായില്ല. യഥാർഥത്തിൽ ബിജെപിയെ നേരിട്ടതും പ്രതിരോധിച്ചതും എൽഡിഎഫാണ്”- ഗോവിന്ദൻ പറഞ്ഞു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































