പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌ത് എസ്ഐടി. ശനിയാഴ്‌ചയാണ് സുരേന്ദ്രനെ ചോദ്യം ചെയ്‌തത്. പ്രാഥമിക വിവരശേഖരണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ എന്നാണ് ലഭിക്കുന്ന വിവരം. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്‌തു.
സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്‌തതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ പറയുന്നത്. എസ്ഐടി ഓഫീസിന് പുറത്തുവെച്ചായിരുന്നു എസ്‌പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ. രണ്ടുമണിക്കൂറോളം ചോദ്യം ചെയ്യാൻ നീണ്ടു.
ചോദ്യം ചെയ്‌ത വിവരം കടകംപള്ളി സുരേന്ദ്രൻ സ്‌ഥിരീകരിച്ചു. മുൻ ദേവസ്വം മന്ത്രി എന്ന നിലയിലായിരുന്നു ചോദ്യങ്ങളെന്നും അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുവെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ശബരിമല ഭക്‌തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്‌തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്.
സ്വർണം പൂശാനായി ബോർഡോ വ്യക്‌തികളോ അപേക്ഷ നൽകിയിട്ടില്ല. സ്വർണം പൂശിയ കാര്യം ബോർഡ് സർക്കാരിനെ അറിയിച്ചിട്ടില്ല. മന്ത്രിയെന്ന നിലയിൽ തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്‌ഥിരീകരിച്ചുകൊണ്ട് സുരേന്ദ്രൻ പറഞ്ഞു.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ








































