കൊച്ചി: സേവ് ബോക്സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദ്ദേശം നൽകി. രണ്ടുവട്ടം ജയസൂര്യയിൽ നിന്ന് ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു.
സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ എന്നും ഇതുമായി ബന്ധപ്പെട്ട് പണമിടപാടുകൾ ഉണ്ടോയെന്നുമാണ് ഇഡി പരിശോധിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. ഈ മൊഴികൾ പരിശോധിച്ചതിന് ശേഷമാണ് വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്രാൻഡ് അംബാസിഡറായി പ്രവർത്തിച്ചതിന് ജയസൂര്യക്ക് ലഭിച്ച പ്രതിഫലനത്തെ കുറിച്ചാണ് ഇപ്പോൾ ഇഡി അന്വേഷണം പുരോഗമിക്കുന്നത്. സേവ് ബോക്സ് ആപ് നിക്ഷേപമെന്ന പേരിൽ നൂറോളം പേരിൽ നിന്ന് കോടികൾ തട്ടിച്ചതിന് ഉടമയായ തൃശൂർ സ്വദേശി സ്വാതിക് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ് സ്വാതിക്.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം








































