തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്‌തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡെൽഹി യാത്ര ഉൾപ്പടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും.
ഇന്ന് കസ്‌റ്റഡിയിൽ വാങ്ങുന്ന ഉണ്ണിക്കൃഷ്‌ണൻ പോറ്റി നൽകുന്ന മൊഴിയും കേസിൽ നിർണായകമാണ്. ഡെൽഹിയിൽ സോണിയാ ഗാന്ധിയുമായി ഉണ്ണിക്കൃഷ്‌ണൻ പോറ്റി കൂടിക്കാഴ്‌ച നടത്തിയപ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. അടൂർ പ്രകാശുമായി പോറ്റിക്ക് അടുപ്പമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഇതോടെ, വിഷയം രാഷ്‌ട്രീയ ആയുധമാക്കി സിപിഎമ്മും രംഗത്തെത്തിയിരുന്നു. എന്നാൽ, പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു അടൂർ പ്രകാശിന്റെ വിശദീകരണം. തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണിക്കൃഷ്‌ണൻ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തപ്പോൾ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നും അടൂർ പ്രകാശ് വ്യക്‌തമാക്കി.
എന്നാൽ, സുരക്ഷാ ക്രമീകരണങ്ങളുള്ള സോണിയാ ഗാന്ധിയുടെ അടുത്തെത്താൻ പോറ്റിക്ക് എങ്ങനെ ഇത്രപെട്ടെന്ന് കഴിഞ്ഞുവെന്നതാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. ഇന്ന് കസ്‌റ്റഡിയിലുള്ള പോറ്റിയിൽ നിന്നും ലഭിക്കുന്ന മൊഴിയുടെ അടിസ്‌ഥാനത്തിൽ ആയിരിക്കും അടൂർ പ്രകാശിലേക്ക് അന്വേഷണ സംഘമെത്തുക.
കഴിഞ്ഞ ദിവസങ്ങളിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് എന്നിവരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്‌തതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ പറയുന്നത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































