മോസ്‌കോ: പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം. യുക്രൈനാണ് ആക്രമണത്തിന് പിന്നിലെന്നാണ് റഷ്യയുടെ ആരോപണം. വാദത്തിന് തെളിവായി തകർന്ന ഡ്രോണിന്റെ ദൃശ്യം റഷ്യ പുറത്തുവിട്ടു.
മഞ്ഞ് നിറഞ്ഞ സ്‌ഥലത്ത് തകർന്ന നിലയിലുള്ള ഡ്രോണിന്റെ ദൃശ്യമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. പുട്ടിന്റെ വടക്കൻ റഷ്യയിലുള്ള വസതിയിൽ യുക്രൈൻ ഡ്രോണാക്രമണം നടത്തിയെന്നായിരുന്നു വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവിന്റെ ആരോപണം.
റഷ്യ-യുക്രൈൻ ഏറ്റുമുട്ടൽ അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ തുടരവെയായിരുന്നു സംഭവം. 91 ഡ്രോണുകൾ പുട്ടിന്റെ വീട് ലക്ഷ്യമിട്ട് അയച്ചെന്നും ഡ്രോണുകളെല്ലാം തകർത്തെന്നും ലാവ്‌റോവ് പറഞ്ഞിരുന്നു.
ഫ്‌ളോറിഡയിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയും തമ്മിൽ ചർച്ച കഴിഞ്ഞ് ഒരുദിവസം പിന്നിട്ടപ്പോഴാണ് റഷ്യ ഡ്രോൺ ആക്രമണ വിഷയം ഉയർത്തിയത്.
പ്രസിഡണ്ടിന് വസതിക്ക് നേരെ ആക്രമണം നടത്തിയ സ്‌ഥിതിക്ക് സമാധാന ചർച്ചകളിലെ റഷ്യയുടെ നിലപാട് പുനഃപരിശോധിക്കുമെന്ന് ലാവ്‌റോവ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആക്രമണത്തിന് തെളിവുണ്ടെന്ന് പറഞ്ഞ് ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!








































