തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണം മോഷണം പോയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്. പ്രഭാമണ്ഡലത്തിലെയും കട്ടിളപ്പടിക്ക് മുകളിലുള്ള വ്യാളി, ശിവ രൂപങ്ങളിലെ ഏഴ് പാളികളിൽ നിന്നുള്ള സ്വർണവും കവർന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച കസ്‌റ്റഡി അപേക്ഷ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്‌ത രണ്ട് ചെമ്പ് പാളികൾ, രാശി ചിഹ്‌നങ്ങൾ ആലേഖനം ചെയ്‌ത രണ്ട് ചെമ്പ് പാളികൾ, കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളി,
കട്ടിളയ്‌ക്ക് മുകളിൽ പതിച്ച ശിവരൂപവും വ്യാളീ രൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലുള്ള ചെമ്പ് പാളികൾ എന്നിവയെ പൊതിഞ്ഞ സ്വർണം ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്‌ഥതയിലുള്ള ചെന്നൈ അമ്പത്തൂരിലുള്ള സ്‍മാർട്ട് ക്രിയേഷൻസിൽ വെച്ച് രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ച് എടുത്തുവെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്.
ഈ സ്വർണം പങ്കജ് ഭണ്ഡാരിയുടെയും കർണാടക ബെല്ലാരിയിലുള്ള റോത്തം ജ്വല്ലറി ഉടമ ഗോവർധന്റെയും പക്കലുണ്ടെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ നിന്ന് 109.243 ഗ്രാം സ്വർണം ഭണ്ഡാരി ഒക്‌ടോബർ 15നും 474.960 ഗ്രാം സ്വർണം ഗോവർധൻ ഒക്‌ടോബർ 24നും ഹാജരാക്കിയിട്ടുണ്ട്. എന്നാൽ, ഇതിൽ കൂടുതൽ സ്വർണം ഏഴ് പാളികളിലും ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളയിലും തൂണുകളിലുമായി ഉണ്ടായിരുന്നുവെന്നാണ് എസ്ഐടി വ്യക്‌തമാക്കുന്നത്.
ഈ സ്വർണം അപഹരിച്ചതിനെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും അതിനായി ഇവരെ കസ്‌റ്റഡിയിൽ വേണമെന്നായിരുന്നു എസ്ഐടി കോടതിയിൽ അപേക്ഷിച്ചത്. തുടർന്നാണ് കോടതി ഇവരെ ഒരു ദിവസത്തേക്ക് എസ്ഐടിയുടെ കസ്‌റ്റഡിയിൽ വിട്ടത്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!








































