തൃശൂർ: വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് വ്യക്തമാക്കുന്ന ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്. വടക്കാഞ്ചേരി ബ്ളോക്ക് തളി ഡിവിഷനിൽ നിന്ന് വിജയിച്ച ഇയു. ജാഫർ കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡണ്ട് എഎ. മുസ്തഫയോട് നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായത്.
‘രണ്ട് ഓപ്ഷനാണ് സിപിഎം വച്ചിട്ടുള്ളത്. ഒന്നുകിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആവാം, അല്ലെങ്കിൽ 50 ലക്ഷം രൂപ സ്വീകരിച്ച് എൽഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാർഥിക്ക് വോട്ട് നൽകാം. 50 ലക്ഷം വാങ്ങി ലൈഫ് സെറ്റിൽ ചെയ്യാനാണ് എന്റെ തീരുമാനം’-എന്നായിരുന്നു ഫോൺ സംഭാഷണത്തിൽ ഉണ്ടായിരുന്നത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് തലേന്നായിരുന്നു സംസാരം.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തടുർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി അനിൽ അക്കര ഡിജിപിക്കും വിജിലൻസ് ഡയറക്ടർക്കും നൽകിയ പരാതിയിലാണ് അന്വേഷണം. എൽഡിഎഫിനും യുഡിഎഫിനും 7 വീതം അംഗങ്ങൾ ഉണ്ടായിരുന്ന ബ്ളോക്ക് പഞ്ചായത്തിൽ ജാഫർ കൂറുമാറി വോട്ട് ചെയ്തതിനെ തുടർന്ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചിരുന്നു.
വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ജാഫർ എത്തിയതുമില്ല. ഇതോടെ വൈസ് പ്രസിഡണ്ട് സ്ഥാനവും എൽഡിഎഫ് നേടി. അടുത്തദിവസം ജാഫർ അംഗത്വം രാജിവെച്ചുള്ള കത്തും നൽകി. യുഡിഎഫിനൊപ്പം നിന്നാൽ രണ്ട് സ്ഥാനാർഥികൾക്കും തുല്യ വിട്ട് ലഭിച്ചു നറുക്കെടുപ്പിലൂടെ ഒരാൾ പ്രസിഡണ്ടാവുമെന്നും അതുകൊണ്ട് തനിക്കെന്ത് നേട്ടമെന്നും ജാഫർ ചോദിക്കുന്നുണ്ട്. പണം ലഭിച്ചാൽ രാജിവെച്ചു രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും പറയുന്നുണ്ട്.
31 വോട്ടിനാണ് ജാഫർ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫിലെ പിഐ. ഷാനവാസാണ് ഫോൺ സംഭാഷണം പുറത്തുവിട്ടത്. ഇത് ജാഫർ താനുമായി സംസാരിച്ചത് തന്നെയെന്ന് മുസ്തഫയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഫോണിലൂടെ തമാശരൂപേണ പറഞ്ഞ കാര്യങ്ങളാണ് ഇതെന്നാണ് ജാഫറിന്റെ വിശദീകരണം.
Most Read| ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15ന്; പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി






































