ബെംഗളൂരു: ഇലക്‌ട്രേണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സർവേ ഫലം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ‘നോളജ് ആറ്റിറ്റ്യൂഡ് ആൻഡ് പ്രാക്‌ടീസ്’ എന്ന പേരിൽ നടത്തിയ സർവേയിലാണ് ജനങ്ങൾക്ക് ഇവിഎമ്മുകളെ വിശ്വാസമാണെന്ന റിപ്പോർട്ടുള്ളത്.
സർവേയിൽ പങ്കെടുത്ത 83.61% പേർ ഇവിഎമ്മുകളെ വിശ്വാസമാണെന്ന് പ്രതികരിച്ചു. ഇതിൽ 69.39% ഇവിഎമ്മുകൾ കൃത്യമാണെന്ന് വിശ്വസിക്കുമ്പോൾ 14.22% പേർ ശക്‌തമായി ഇവിഎമ്മിൽ വിശ്വാസമർപ്പിക്കുന്നതായി സർവേ പറയുന്നു. കർണാടകയിലെ ബെംഗളൂരു, ബെലഗാവി, കലബുരഗി, മൈസൂരു തുടങ്ങി 102 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള 5100 പേരെയാണ് ഈ സർവേയ്‌ക്കായി തിരഞ്ഞെടുത്തത്.
സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി, രാഹുൽ ഗാന്ധിയുടെ വോട്ട് ചോരൽ ആരോപണത്തെ ശക്‌തമായി വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും വോട്ടിങ് യന്ത്രങ്ങളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്‌ത് ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിക്ക് തിരിച്ചടിയാണ് സർവേ ഫലമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
ഇവിഎം അട്ടിമറിയിലൂടെ വോട്ട് മോഷണം നടക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ നിരന്തരമായ ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഈ സർവേ ഫലമെന്ന് ബിജെപി നേതാവ് ആർ. അശോക് പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാണെന്നും സ്‌ഥാപനങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്നുമുള്ള കോൺഗ്രസിന്റെ പ്രചാരണത്തിന് കർണാടക ജനത നൽകിയ തിരിച്ചടിയാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Most Read| പ്രതിഷേധക്കാരെ വെടിവച്ചാൽ യുഎസ് ഇടപെടും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്







































