തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിസന്ധി അയയുന്നു. പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ വോട്ട് നേടി വിജയിച്ച വൈസ് പ്രസിഡണ്ട് നൂർജഹാൻ നവാസ് ഇന്ന് സ്‌ഥാനം രാജിവെച്ചേക്കും. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടെസ്സി ജോസ് സ്വതന്ത്രയായി ജയിച്ച ആളായതിനാൽ രാജിവെക്കാൻ സാധ്യതയില്ല.
ഇവർക്കെതിരെ ആറുമാസം കഴിഞ്ഞ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നാൽ അപ്പോൾ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കും. കൂറുമാറിയ എട്ട് അംഗങ്ങളെയും നേരത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു. എന്നാൽ, വൈസ് പ്രസിഡണ്ട് രാജിവെക്കുന്നതോടെ, എട്ട് പഞ്ചായത്ത് അംഗങ്ങളെയും പാർട്ടിയിൽ തിരികെയെടുക്കാൻ വഴി തെളിയും.
കൂറുമാറിയവരുമായി റോജി എം ജോൺ എംഎൽഎ നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. തങ്ങളിൽ ഒരാൾപോലും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ഇപ്പോഴും കോൺഗ്രസ് തന്നെയാണെന്നും വ്യക്‌തമാക്കി ഇവർ രംഗത്തുവന്നിരുന്നു. ഡിസിസി നേതൃത്വത്തിന്റെ തെറ്റായ സമീപനമാണ് സ്വതന്ത്ര സ്‌ഥാനാർഥിയെ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് പിന്തുണയ്‌ക്കാൻ കാരണമെന്നും ബിജെപിയും ഈ സ്‌ഥാനാർഥിക്ക് വോട്ട് ചെയ്യുകയായിരുന്നു എന്നുമാണ് ഇവരുടെ വാദം.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി







































