മൂന്നാം ക്ളാസിലെ അവധി ദിനങ്ങളിൽ അച്‌ഛനൊപ്പമിരുന്ന് കൗതുകത്തോടെ ബൾബ് നിർമാണം പഠിച്ച ഗൗരി, അധികം വൈകാതെ അതൊരു ഉപജീവനമാർഗമായി ഏറ്റെടിക്കേണ്ടി വരുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല. കുഞ്ഞനുജത്തി ശരണ്യയും താങ്ങായി ഒപ്പം കൂടിയതോടെ, നിർധന കുടുംബത്തിലെ പ്രകാശം പരത്തുന്ന പെൺകുട്ടികളായി ഇവർ മാറി.
ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് വാത്തിശേരി ചിറയിൽ ഇലക്‌ട്രീഷ്യനായ വി.ജി. ഗവേഷിന്റെ മക്കളാണ് പത്തുവയസുകാരി ഗൗരിയും ഏഴുവയസുകാരി ശരണ്യയും. എൽഇഡി ബൾബ് നിർമാണത്തിലൂടെ കൈക്ക് പരുക്കേറ്റ അച്‌ഛന് തൊഴിലെടുക്കാൻ പറ്റാതായതോടെയാണ് അതേ ജോലി കുട്ടികൾ ഏറ്റെടുത്തത്.
മുത്തശ്ശി കൂടി ഉൾപ്പെട്ട നാലംഗ കുടുംബത്തിന്റെ ഏക ഉപജീവന മാർഗം ഈ ബൾബ് നിർമാണമാണ്. രണ്ടുവർഷം മുൻപ് ഒരു സംഘട്ടനത്തിൽപ്പെട്ട് ഗവേഷിന് നെഞ്ചിലും വയറ്റിലും കുത്തേറ്റിരുന്നു. ശസ്‌ത്രക്രിയയും തുടർചികിൽസകളും മൂലം പിന്നീട് ജീവിതം കഴിച്ചുകൂട്ടി. അനായാസ ജോലികൾ ചെയ്യാൻ പറ്റാതായി. അതോടെ വീടുപണിയും നിലച്ചു.
ഇതിനിടെ, ബാങ്ക് വായ്‌പയെടുത്ത് എൽഇഡി ബൾബ്, ട്യൂബ് ലൈറ്റ് നിർമാണ സംരംഭം വാടകവീട്ടിൽ തുടങ്ങി. ബൾബിനുള്ള അസംസ്‌കൃത വസ്‌തുക്കൾ ഡെൽഹിയിൽ നിന്ന് വാങ്ങാൻ സുമനസ്സുകളും സഹായിച്ചു. അതിനിടെ അടുത്ത അപകടം. ഏണിയിൽ നിന്ന് വീണ് ഗവേഷിന്റെ ഒരു കൈപ്പത്തി തിരിഞ്ഞുപോയി.
ഇതോടെ കുടുംബം പ്രതിസന്ധിയിലായി. വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാതായി. എന്നാൽ, ജീവിതം ഇരുളടയാതിരിക്കാൻ പെൺകുട്ടികൾ അച്‌ഛന്റെ തൊഴിൽ ഏറ്റെടുത്തു. അച്‌ഛനിൽ നിന്ന് പഠിച്ച അറിവുകളാണ് ഗൗരിക്ക് മുതൽക്കൂട്ടായത്. സോൾഡറിങ് അയൺ ഉൾപ്പടെ കുഞ്ഞിക്കൈകൾക്ക് വഴങ്ങി. ബൾബുകൾ പാക്കറ്റിലാക്കി പെട്ടിയിൽ അടുക്കിവെച്ച് കുഞ്ഞനുജത്തി ശരണ്യയും ഒപ്പം കൂടി.
ഇത് ഗവേഷ് കടകളിൽ വിൽപ്പനയ്‌ക്ക് എത്തിക്കും. മുഹമ്മ ആര്യക്കര എബി വിലാസം എച്ച്എസ്എസിലെ അഞ്ചാം ക്ളാസ് വിദ്യാർഥിനിയാണ് ഗൗരി. ശരണ്യ പൊന്നാട് ഗവ.എൽപി സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥിനിയും. സ്‌കൂളിൽ നിന്നെത്തി അന്നത്തെ പഠനം കഴിഞ്ഞാണ് ബൾബ് നിർമാണം. എന്നിവർ വീടിന്റെയും ഒപ്പം നാടിന്റെയും പ്രകാശമാണ്.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം






































