താമരശ്ശേരി: കൈതപ്പൊയിൽ വാടക അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവങ്ങൾ പുറത്ത്. ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഹസ്‌നയാണ് (34) മരിച്ചത്. കഴിഞ്ഞ ഒരുമാസമായി യുവാവിനൊപ്പം വാടക ഫ്‌ളാറ്റിലായിരുന്നു ഹസ്‌ന താമസിച്ചിരുന്നത്.
ഹസ്‌നയുടെ ഫോൺ സന്ദേശമാണ് പുറത്തായത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പടെയുള്ളവരുടെ പേരുകൾ പറയുന്ന സന്ദേശം യുവതിയുടെ മരണത്തെക്കുറിച്ചുള്ള നിഗൂഢത വർധിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു. ഭർത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച ഹസ്‌ന തനിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഫോൺ എടുക്കാതായപ്പോൾ മറ്റൊരു ഫോണിൽ നിന്ന് അയച്ച ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്.
ഒക്‌ടോബർ 28നാണ് ഈ സന്ദേശം അയച്ചത്. ആദിൽ എന്ന പേരുള്ളയാളെ അഭിസംബോധന ചെയ്‌ത് അയച്ച സന്ദേശത്തിൽ, തന്റെ ജീവിതം പോയെന്ന് പറയുന്ന ഹസ്‌ന, കരച്ചിൽ അടക്കിയാണ് സംസാരിക്കുന്നത്. പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന ഭീഷണിയോടെയാണ് കൊടി സുനി, ഷിബു തുടങ്ങിയ പേരുകൾ പറയുന്നത്.
ലഹരി ഉപയോഗത്തിന്റെ കാര്യങ്ങൾ ഉൾപ്പടെ തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും സാമൂഹിക മാദ്ധ്യമത്തിൽ വെളിപ്പെടുത്തുമെന്നും 26 സെക്കൻഡ് ദൈർഘ്യമുള്ള ശബ്‌ദ സന്ദേശത്തിൽ പറയുന്നുണ്ട്. അതേസമയം, യുവതി ഉപയോഗിച്ചിരുന്ന ഫോൺ ഇപ്പോഴും യുവാവിന്റെ കൈവശമാണ് ഉള്ളതെന്ന് ബന്ധുക്കൾ പറയുന്നു. പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി







































