കടുത്ത നടപടിയുമായി ബംഗ്ളാദേശ് സർക്കാർ; ഐപിഎൽ സംപ്രേഷണം വിലക്കി

ബംഗ്ളാദേശ് താരം മുസ്‍തഫിസുർ റഹ്‌മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് തീരുമാനം. ബിസിസിഐയുടെ നിർദ്ദേശം അനുസരിച്ച് കൊൽക്കത്ത ടീം താരത്തെ ഒഴിവാക്കിയത് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിനെ പ്രകോപിപ്പിച്ചിരുന്നു.

By Senior Reporter, Malabar News
Bangladeshi player Mustafizur Rahman
ബംഗ്ളാദേശ് താരം മുസ്‍തഫിസുർ റഹ്‌മാൻ (Image Courtesy: Times of India)
Ajwa Travels

ധാക്ക: ഐപിഎലിൽ നിന്ന് മുസ്‍തഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെ കടുത്ത നടപടിയുമായി ബംഗ്‌ളാദേശ് സർക്കാർ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അനിശ്‌ചിതകാലത്തേക്കാണ് വിലക്ക്.

ഐപിഎലിൽ നിന്ന് മുസ്‍തഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെ വിവാദം ഉയർന്നിരുന്നു. നേരത്തെ, ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു. ഐപിഎൽ എല്ലാ മൽസരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിർത്തിവെക്കാനാണ് സർക്കാർ ഉത്തരവ്.

മുസ്‍തഫിസുർ റഹ്‌മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ബംഗ്ളാദേശിൽ നിന്ന് വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു.  ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിന് പിന്നിലുള്ള വ്യക്‌തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇത് ബംഗ്ളാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

2024ൽ ജനകീയ പ്രക്ഷോഭത്തിലൂടെ ബംഗ്ളാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് കളിക്കളത്തിലേക്കും നീണ്ടത്. ഹസീനയ്‌ക്ക് ഇന്ത്യ അഭയം കൊടുത്തത് ബംഗ്ളാദേശിലെ ഇടക്കാല സർക്കാരിനെ പ്രകോപിപ്പിച്ചു. സമീപകാലത്ത് ബംഗ്ളാദേശിലുണ്ടായ ആക്രമണങ്ങളിൽ ഒട്ടേറെയാളുകൾക്ക് ജീവൻ നഷ്‌ടമായിരുന്നു.

ഈ സാഹചര്യത്തിൽ ബംഗ്ളാദേശ് താരങ്ങളെ ഐപിഎലിൽ കളിപ്പിക്കുന്നതിൽ ഇന്ത്യയിലെ പലഭാഗത്തുനിന്നും വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് പേസ് ബൗളർ മുസ്‍തഫിസുർ റഹ്‌മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിർബന്ധിതരായത്. ബിസിസിഐയുടെ നിർദ്ദേശം അനുസരിച്ച് കൊൽക്കത്ത ടീം താരത്തെ ഒഴിവാക്കിയത് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിനെ പ്രകോപിപ്പിച്ചു.

മാർച്ചിൽ ആരംഭിക്കുന്ന ഇത്തവണത്തെ ഐപിഎലിൽ ഇടംനേടിയ ഏക ബംഗ്ളാദേശ് താരമാണ് ഇടംകൈ പേസറായ മുസ്‍തഫിസുർ റഹ്‌മാൻ. ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.2 കോടി രൂപയ്‌ക്കാണ് താരത്തെ കൊൽക്കത്ത സ്വന്തമാക്കിയത്. എന്നാൽ, ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ, മുസ്‍തഫിസുർ റഹ്‌മാനെ ടീമിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. പിന്നാലെയാണ് ബിസിസിഐയുടെ അസാധാരണ ഇടപെടൽ ഉണ്ടായത്.

Most Read| ‘അനുസരില്ലെങ്കിൽ വലിയ വില നിൽക്കേണ്ടി വരും’; ഡെൽസി റോഡ്രിഗസിന് ട്രംപിന്റെ ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE