തിരുവനന്തപുരം: കോർപറേഷൻ മേയർ സ്‌ഥാനം ലഭിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുൻ ഡിജിപിയും ശാസ്‌തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. കൗൺസിലറാകാൻ വേണ്ടി മാത്രമല്ല തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും മേയറാക്കുമെന്ന വാഗ്‌ദാനത്തിന്റെ പുറത്താണെന്നും ശ്രീലേഖ തുറന്നടിച്ചു.
”മൽസരിക്കാൻ വിസമ്മതിച്ച എന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മൽസരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോൾ ഞാനായിരിക്കും കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ മുഖമെന്നാണ് കരുതിയത്. സ്‌ഥാനാർഥികൾക്ക് എല്ലാവർക്കും വേണ്ടി പ്രവർത്തിക്കേണ്ട ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ഞാൻ.
പത്ത് സ്‌ഥാനാർഥികളെ ജയിപ്പിക്കേണ്ട ചുമതലയും നൽകി. അവസാനം കൗൺസിലറാകേണ്ട സാഹചര്യം വന്നു. പാർട്ടി പറഞ്ഞത് അനുസരിച്ചു. ഞാനാണ് കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകൾക്ക് മുന്നിൽ അവതരിപ്പിച്ചതും. ചർച്ചകൾക്കും ഞാനാണ് പോയിരുന്നത്. എന്നാൽ അവസാന നിമിഷം എന്തോ കാരണം കൊണ്ട് കാര്യങ്ങൾ മാറി.
രാജേഷിന് കുറച്ചുകൂടി മികച്ച രീതിയിൽ മേയറായും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവർത്തിക്കാൻ പറ്റുമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനം എടുത്തതെന്നാണ് എന്റെ കണക്കുകൂട്ടൽ. നേതൃത്വത്തിന്റെ തീരുമാനത്തോട് തർക്കമില്ല. തീരുമാനത്തെ എതിർത്ത് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. എന്നെ ജയിപ്പിച്ചവർ ഇവിടെയുണ്ട്. കൗൺസിലറായി അഞ്ചുവർഷം തുടരാം. അതാണ് തീരുമാനിച്ചത്”- ശ്രീലേഖ പറഞ്ഞു.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!







































