പുണെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. അസുഖബാധിതനായി ദീർഘനാളായി ചികിൽസയിൽ ആയിരുന്നു. പുണെയിലെ ദീനാനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം.
ഭൗതികശരീരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടുവരെ പുണെ എരണ്ട്‌വാനിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30ന് നവി പേട്ടിലെ ശ്‌മശാനത്തിൽ സംസ്‍കാരം നടക്കും. രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് 1965 മുതൽ 1972 വരെ വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്‌ഠിച്ചിരുന്നു. 1965ൽ പൈലറ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച കൽമാഡി 1965, 1971 വർഷങ്ങളിലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പങ്കെടുത്തു.
ഔദ്യോഗിക ജീവിതത്തിൽ എട്ട് സേനാ മെഡലുകൾ കൽമാഡിയെ തേടിയെത്തി. 1978ൽ മഹാരാഷ്‌ട്ര പ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി രാഷ്‌ട്രീയ മുഖ്യധാരയിലേക്ക് എത്തി. 1982ൽ ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996ൽ പുണെയിൽ നിന്ന് ലോക്‌സഭയിലേക്കും മൽസരിച്ച് ജയിച്ചു. 1995 സെപ്‌തംബർ 16 മുതൽ 1996 ജൂൺ 15 വരെ പിവി നരസിംഹ റാവു സർക്കാരിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി ആയിരുന്നു.
പാർലമെന്റിൽ റെയിൽവേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രിയെന്ന റെക്കോർഡും കൽമാഡിക്ക് സ്വന്തം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ), ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ, അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയിലെല്ലാം പ്രസിഡണ്ടായി. 1996ൽ ഐഒഎ പ്രസിഡണ്ടായ കൽമാഡി, 2004ലും 2008ലും, പദവിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഹൈദരാബാദിൽ 2003ൽ ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസ് സംഘടിപ്പിച്ചു. 2008ൽ പുണെയിൽ നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായിരുന്നു. എന്നാൽ, 2010ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തി.
ഫണ്ട് ദുരുപയോഗം ചെയ്‌തുവെന്ന് ആരോപിച്ച് അന്വേഷണത്തിന് വിധേയനാവുകയും 2011 ഏപ്രിലിൽ അറസ്‌റ്റിലാവുകയും ചെയ്‌തു. ആരോപണങ്ങളെ തടുർന്ന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. 2016ൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ദേഹത്തെ ലൈഫ് പ്രസിഡണ്ടായി നാമനിർദ്ദേശം ചെയ്‌തെങ്കിലും, അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയം രംഗത്തെത്തിയതോടെ അദ്ദേഹം ആ സ്‌ഥാനം നിരസിക്കുകയായിരുന്നു.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!




































