
നാലുതലമുറകളിലെ വ്യത്യസ്‌തമാർന്ന ജീവിതശൈലികളും തന്റെ കൺമുന്നിൽ നേരിട്ടനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച ചിരുത മുത്തശ്ശിയിൽ പഴയ ഓർമകളൊന്നും തെല്ലും മാഞ്ഞിട്ടില്ല. പണ്ട് എല്ലാം വീട്ടിൽത്തന്നെ കൃഷി ചെയ്‌താണ് കഴിച്ചിരുന്നത്. അതുകൊണ്ട് കൃഷിയോട് കുഞ്ഞുന്നാൾ മുതൽ അതിയായ താൽപര്യമാണ്. അത് ഇന്ന് നൂറ്റിരണ്ടാം വയസിലും എത്തിനിൽക്കുന്നു.
കൃഷി ചെയ്യാൻ പ്രായമൊക്കെ ഉണ്ടോയെന്നാണ് ചിരുത മുത്തശ്ശി ചോദിക്കുന്നത്. തന്റെ 102ആം വയസിൽ വീട്ടുമുറ്റത്ത് ഞാറുനട്ട് വിളവെടുത്തിരിക്കുകയാണ് മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിനിയായ തേങ്ങാകല്ലുമ്മൽ ചിരുത മുത്തശ്ശി. ആരെയും അമ്പരപ്പിക്കുന്ന രീതിയിലാണ് ഈ പ്രായത്തിലും മുത്തശ്ശി സ്വന്തം വീട്ടുമുറ്റത്ത് കൃഷി ചെയ്‌ത നെല്ലിനെ പരിപാലിച്ചതും അതിന്റെ വിളവെടുപ്പ് നടത്തിയതും.
ചിരുത മുത്തശ്ശിയുടെ നെൽക്കൃഷി വിളവെടുപ്പ് കള്ളാട്ടുകാർ നാടൻപാട്ട് പാടിയും നാടോടി കഥകൾ പറഞ്ഞും ആഘോഷമാക്കി മാറ്റി. വീട്ടിൽ മക്കളോടും കൊച്ചുമക്കളോടും, ബാല്യകാല സ്‌മരണകൾ പങ്കുവെക്കുന്നതിനിടെയാണ് നെൽക്കൃഷി ചെയ്യണമെന്ന തന്റെ മോഹം മുത്തശ്ശി പ്രകടിപ്പിച്ചത്. ഇതുകേട്ട മകൻ സുഗുണൻ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായി തേങ്ങാകല്ലുമ്മൽ വീട്ടുമുറ്റത്ത് കൃഷിനിലം ഒരുക്കുകയായിരുന്നു.
ചെറുപ്പകാലത്ത് അരൂർ പെരുമുണ്ടശ്ശേരിയിലുള്ള പുളിയങ്കോട്ട് തറവാട്ടിലെ വയലിൽ ഞാറുനട്ട് കൃഷി ചെയ്‌ത് കൊയ്തെടുത്തതിന്റെയും പിന്നീട് പശുക്കടവ് മലയിൽ കരനെൽക്കൃഷി നടത്തിയതിന്റെയും അനുഭവ സമ്പത്തുള്ള ചിരുത മുത്തശ്ശി മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സഹായത്തോടെ നടത്തിയ നെൽക്കൃഷി വിജയം കാണുകയായിരുന്നു.
കൃഷി മാത്രമല്ല, തനിക്ക് ഈ പ്രായത്തിൽ അഭിനയിക്കാനും പാട്ടും എന്നുകൂടി തെളിയിച്ചിരിക്കുകയാണ് മുത്തശ്ശി. വയോജനങ്ങളുടെ പ്രശ്‌നങ്ങൾ ആസ്‌പദമാക്കി ഇറങ്ങുന്ന ‘കരുണം’ എന്ന ഷോർട്ട് ഫിലിമിൽ മുത്തശ്ശി അഭിനയിക്കുന്നുണ്ട്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്





































