കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. മധ്യകേരളത്തിൽ മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാക്കളിൽ ഒരാളായ ഇബ്രാഹിംകുഞ്ഞ് രണ്ടുതവണ മന്ത്രിയായിട്ടുണ്ട്.
2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരിയിൽ നിന്നും നിയമസഭയിൽ എത്തിയ അദ്ദേഹം, 2011ലും 2016ലും ജയം നേടിയത് കളമശ്ശേരിയിൽ നിന്നാണ്. എറണാകുളം ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശിയായ ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനം ഉൾപ്പടെ പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
2001 -2006 യുഡിഎഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
എംഎസ്എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പിന്നീട് യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു. ലീഗിന്റെ ഉന്നതാധികാര സമിതി അംഗവും ദേശീയ നിർവാഹക സമിതി അംഗവുമായിരുന്നു.
ഇന്ന് വൈകീട്ട് ആറുമണിമുതൽ കളമശ്ശേരി നജാത്ത് പബ്ളിക് സ്കൂളിൽ പൊതുദർശനം ഉണ്ടാകും. രാത്രിയോടെ ഭൗതികശരീരം വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പതുമണിക്ക് ഭൗതികശരീരം വീട്ടിൽ നിന്ന് എടുക്കും. പത്തുമണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് കബർസ്ഥാനിൽ കബറടക്കം. നദീറയാണ് ഭാര്യ. മക്കൾ: അഡ്വ. വിഇ. അബ്ദുൽ ഗഫൂർ, വിഇ. അബ്ബാസ് (ലണ്ടൻ), വിഇ. അനൂപ്. അഡീഷണൽ അഡ്വ. ജനറൽ വികെ ബീരാൻ സഹോദരനാണ്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































