ന്യൂഡെൽഹി: തെരുവുനായ പ്രശ്നത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കാതിരിക്കാൻ നായ്ക്കൾക്ക് കൗൺസിലിങ് മാത്രമാണ് ബാക്കിയെന്ന് സുപ്രീം കോടതി പരിഹസിച്ചു. കടിക്കണോ വേണ്ടയോ എന്നുള്ള നായയുടെ മനസ് വായിക്കാൻ ആർക്കും സാധിക്കില്ല. നിങ്ങൾക്ക് തിരിച്ചറിയാനാകുമോ എന്നും കോടതി മൃഗസ്നേഹികളുടെ അഭിഭാഷകരോട് വാദിച്ചു.
തെരുവുനായയെ സംബന്ധിച്ചുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. ”റോഡുകൾ വൃത്തിയുള്ളതായി സൂക്ഷിക്കേണ്ടതും നായകളെ അകറ്റി നിർത്തേണ്ടതുമാണ്. ഒരുപക്ഷേ, അവ കടിക്കില്ലായിരിക്കാം. എന്നാൽ, അപകടങ്ങൾക്ക് കാരണമാകുന്നു. നായകൾ ആളുകളെ കടിക്കുകയും പിന്തുടരുകയും ചെയ്യും”- കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദേശീയപാതകളിൽ നിന്നും നായകളെ മാറ്റുന്നതിലെ പുരോഗതി കോടതി മുൻപ് കേസ് പരിഗണിച്ചപ്പോൾ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായി നടപടിക്രമങ്ങൾ രൂപീകരിച്ചെന്നും എങ്കിലും പാതയിൽ നായകൾ ഉണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ പറഞ്ഞു.
2025 നവംബർ ഏഴിന് പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, സ്പോർട്സ് കോംപ്ളക്സുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് തെരുവുനായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നായ്ക്കളെ മാറ്റണമെന്നാണ് കോടതി ഉത്തരവിൽ പറഞ്ഞത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































