കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഡി.മണിക്ക് ക്ളീൻചിറ്റ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി മണിയിൽ നിന്ന് സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മണിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി, ഡി.മണി എന്ന ഡിണ്ടിഗൽ മണിക്കെതിരെ വിശദമായ അന്വേഷണം നടത്തിയത്.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ ആരോപണങ്ങളാണ് ഡി. മണിയിലേക്കുള്ള അന്വേഷണത്തിലേക്ക് എത്തിയത്. ഇയാളെ എസ്ഐടി രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു. തമിഴ്നാട്ടിലെത്തിയും തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ.
ഇയാളുടെ തമിഴ്നാട്ടിലെ കേന്ദ്രങ്ങളിൽ എസ്ഐടി റെയ്ഡും നടത്തിയിരുന്നു, എന്നാൽ, ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഒരു ബന്ധവും ഡി. മണിയിൽ നിന്നും കണ്ടെത്താനായില്ല. രണ്ടുതവണയാണ് മണി തിരുവനന്തപുരത്ത് എത്തിയത്. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി തിരുവല്ലത്തും ക്ഷേത്ര ദർശനത്തിനായി കുടുംബസമേതവുമാണ് എത്തിയത്.
ഇതല്ലാതെ വ്യാപാരവുമായോ ശബരിമല തട്ടിപ്പുമായോ മണിയുടെ സന്ദർശനങ്ങൾക്ക് ബന്ധം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് എസ്ഐടി കോടതിയെ ബോധിപ്പിച്ചു. മണിക്കെതിരെ മറ്റു കേസുകൾ നിലവിലുണ്ടെങ്കിലും അതിനൊന്നും സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും എസ്ഐടി കോടതിയെ അറിയിച്ചു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































