സ്‌ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. നിലവിൽ ഇന്ത്യയിലെ സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം ബാധിക്കുന്നത് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഓരോ രണ്ട് മിനിട്ടിലും ഒരു സ്‌ത്രീയെന്ന കണക്കിൽ സെർവിക്കൽ കാൻസർ ബാധിച്ച് മരിക്കുന്നതായി ഐക്യരാഷ്‌ട്ര സഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2022ൽ ലോകമെമ്പാടും 6,60,000 സ്‌ത്രീകൾക്ക് ഈ അർബുദം നിർണയിക്കപ്പെട്ടതായും 3,50,000 സ്‌ത്രീകൾ ഈ അർബുദം മൂലം മരിച്ചതായും യുഎൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
പല സെർവിക്കൽ കാൻസർ കേസുകളും ഹ്യൂമൻ പാപ്പിലോമ വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് കണ്ടെത്തൽ. ലൈംഗികബന്ധം വഴി പകരുന്ന ഈ വൈറസ് ലൈംഗികമായി സജീവമായിരിക്കുന്ന ആളുകളിൽ ഏതെങ്കിലുമൊരു കാലഘട്ടത്തിലൊക്കെ ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു. പലരിലും അവരുടെ പ്രതിരോധ സംവിധാനം തന്നെ ഈ വൈറസിനെ നീക്കം ചെയ്യും.
എന്നാൽ, നിരന്തരമായി അണുബാധ ഉണ്ടാകുന്ന അർബുദകാരകങ്ങളായ ചില എച്ച്പിവി വൈറസുകൾ അസാധാരണമായ കോശ വളർച്ചയ്‌ക്കും അർബുദത്തിനും വഴി വയ്‌ക്കാം. വാക്‌സിനേഷൻ വഴി നിയന്ത്രിക്കാൻ സാധിക്കുന്നതാണ് ഗർഭാശയമുഖ അർബുദം.
പെൺകുട്ടികൾക്ക് 9-14 വയസിനിടയിൽ അവർ ലൈംഗികമായി സജീവമാകുന്നതിന് മുൻപ് എച്ച്പിവി വാക്‌സിനും, 30 വയസ് മുതലുള്ള സ്‌ത്രീകൾക്ക് സെർവിക്കൽ കാൻസർ പരിശോധനയും ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി






































