തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്‌ഠരര് രാജീവര് അറസ്‌റ്റിൽ. കൊച്ചിയിലെ എസ്ഐടി ഓഫീസിൽ വെച്ച് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തതിന് ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്.
കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി രാജീവർക്ക് അടുപ്പമുണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റെന്നാണ് വിവരം. പോറ്റിയെ ശബരിമലയിൽ എത്തിച്ചത് അന്നത്തെ തന്ത്രി കണ്‌ഠരര് രാജീവര് ആണെന്ന് മുൻ ദേവസ്വം പ്രസിഡണ്ട് എ. പത്‌മകുമാർ അടക്കമുള്ളവർ നേരത്തെ മൊഴി നൽകിയിരുന്നു.
സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും രാജീവരായിരുന്നു. കേസിൽ നേരത്തെ കണ്‌ഠരര് രാജീവരിൽ നിന്ന് എസ്ഐടി മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും, എന്നാൽ, ഉദ്യോഗസ്‌ഥരുടെ നിർദ്ദേശം അനുസരിച്ചാണ് കുറിപ്പ് നൽകിയതെന്നും ആയിരുന്നു രാജീവരുടെ മൊഴി.
ഉണ്ണിക്കൃഷ്‌ണൻ പോറ്റി, എ. പത്‌മകുമാർ, എൻ. വാസു, മുരാരി ബാബു, ഡി. സുധീഷ് കുമാർ, പങ്കജ് ഭണ്ഡാരി, ഗോവർധൻ, ശ്രീകുമാർ, എൻ. വിജയകുമാർ തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്‌റ്റിലായവർ. അതേസമയം, സ്വർണക്കൊള്ളയിൽ ഇന്ന് ഇഡിയും കേസെടുത്തിട്ടുണ്ട്. എസ്ഐടി അന്വേഷിക്കുന്ന കേസിലെ അതേ പ്രതികൾ തന്നെയാണ് ഇഡി കേസിലെ പ്രതിപ്പട്ടികയിലും ഉള്ളത്.
ഇഡിയുടെ കൊച്ചി യൂണിറ്റാണ് ഇസിഐആർ (എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്) രജിസ്‌റ്റർ ചെയ്‌തത്. സ്വർണക്കൊള്ള വിഷയത്തിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സൂചനകളുടെ അടിസ്‌ഥാനത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇസിഐആർ.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































