ചെന്നൈ: വിജയ് ചിത്രം ‘ജനനായകന്’ യുഎ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ ചെയ്‌തു. സെൻസർ ബോർഡിന്റെ ഹരജിയിലാണ് നടപടി. കേസ് 21ന് മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ.
ഇതോടെ ചിത്രം റിലീസ് ചെയ്യുന്നതിൽ അനിശ്‌ചിതത്വം തുടരുകയാണ്. ജനനായകന്റെ സെൻസർ സർട്ടിഫിക്കറ്റ് പ്രതിസന്ധി തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ചിത്രത്തിലെ രാഷ്‌ട്രീയ സൂചനകളും വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് ജനനായകന് എതിരായ നീക്കത്തിന് പിന്നിലെ കാരണമായി ടിവികെ നേതാക്കൾ ആരോപിച്ചിരുന്നു.
സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ സിനിമയുടെ റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ പ്രഖ്യാപനവും വന്നിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചത്. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ റിലീസ് മാറ്റിയതോടെ ഓൺലൈൻ ബുക്കിങ് നടത്തിയവർക്ക് പണം തിരികെ നൽകിയിരുന്നു.
അതേസമയം, റിലീസ് പ്രഖ്യാപിച്ചിരുന്ന ശിവകാർത്തികേയൻ ചിത്രം ‘പരാശക്‌തി’ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടി. ചിത്രം നാളെ തന്നെ റിലീസ് ചെയ്യും. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ പരാശക്‌തിയിൽ നിന്നും 15 രംഗങ്ങൾ കൂടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് നോട്ടീസ് നൽകിയിരുന്നു.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി







































