ന്യൂഡെൽഹി: ഗാസയുടെ സംരക്ഷണത്തിന് പക്കിസ്‌ഥാന്റെ സഹായം വേണ്ടെന്ന് ഇസ്രയേൽ. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്‌ഥാൻ സൈന്യം പങ്കുചേരുന്നതിനെ ഇസ്രയേൽ എതിർത്തു.
ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഗാസയിലെ സുരക്ഷാ ചുമതലകളിൽ പാക്കിസ്‌ഥാൻ സൈന്യം ഇടപെടുന്നതിൽ ഇസ്രയേലിന് താൽപര്യമില്ലെന്നും, ഹമാസിന് പാക്കിസ്‌ഥാൻ കേന്ദ്രീകൃത ഭീകര സംഘടനകളുമായുള്ള ബന്ധത്തിൽ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകര സംഘടനയായ ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ഗാസയിൽ ഭാവി ക്രമീകരണങ്ങൾ സാധ്യമല്ലെന്ന് റൂവൻ അസർ പറഞ്ഞു. ഗാസയിലെ പുനർനിർമാണത്തിനും സമാധാനത്തിനുമായി രൂപീകരിക്കുന്ന സേനയിലേക്ക് സൈന്യത്തെ വിട്ടുനൽകാൻ പാക്കിസ്‌ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളെ യുഎസ് സമീപിച്ചുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമാധാന നീക്കങ്ങൾക്കായി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഹമാസിനെ നിരായുധീകരിക്കാതെ ഇതിന് പ്രസക്‌തിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഹമാസിനോട് ഏറ്റുമുട്ടാൻ തയ്യാറല്ലാത്തതിനാൽ പല രാജ്യങ്ങളും സൈന്യത്തെ അയക്കാൻ വിമുഖത കാണിക്കുന്നുണ്ടെന്നും റൂവൻ അസർ പറഞ്ഞു.
തീവ്രവാദ സംഘടനകളുമായുള്ള ബന്ധം മുൻനിർത്തി പാക്കിസ്‌ഥാൻ സൈന്യത്തെ ഗാസയിൽ വിന്യസിക്കുന്നതിൽ ഇസ്രയേലിന് യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അംബാസഡറുടെ മറുപടി. ഗാസയിൽ പാക്കിസ്‌ഥാൻ സൈന്യത്തിന് ഒരു പങ്കും നൽകുന്നതിനെ ഇസ്രയേൽ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read| ‘ജനനായകൻ’ റിലീസ് വൈകും; പ്രദർശനാനുമതി നൽകണമെന്ന ഉത്തരവിന് സ്‌റ്റേ








































