തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരെ റിമാൻഡ് ചെയ്‌തു. ഈമാസം 23 വരെയാണ് റിമാൻഡ് കാലാവധി. 13ന് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. കണ്‌ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്ന് പുലർച്ചെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്‌ഥാനത്ത് വിളിച്ചുവരുത്തിയാണ് കണ്‌ഠരര് രാജീവരെ ചോദ്യം ചെയ്‌തത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അതിനുശേഷം ഈഞ്ചക്കലിലെ എസ്ഐടി ഓഫീസിൽ എത്തിച്ചാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി രാജീവർക്ക് അടുപ്പമുണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റെന്നാണ് വിവരം.
പോറ്റിയെ ശബരിമലയിൽ എത്തിച്ചത് അന്നത്തെ തന്ത്രി കണ്‌ഠരര് രാജീവര് ആണെന്ന് മുൻ ദേവസ്വം പ്രസിഡണ്ട് എ. പത്‌മകുമാർ അടക്കമുള്ളവർ നേരത്തെ മൊഴി നൽകിയിരുന്നു. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി തന്ത്രിക്ക് നേരത്തെതന്നെ ബന്ധമുണ്ടായിരുന്നതായും ആ ബന്ധം ഉപയോഗിച്ചാണ് സ്വർണപ്പാളികൾ കൊണ്ടുപോകാൻ തന്ത്രി അനുമതി നൽകിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു, പോറ്റിക്ക് കട്ടിളപ്പാളികൾ കൊണ്ടുപോകാനായി ഒത്താശചെയ്‌തു, താന്ത്രിക വിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയത്, ദേവന്റെ അനുജ്‌ഞ വാങ്ങാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ദേവസ്വം ബോർഡ് സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറിയപ്പോൾ തന്ത്രി അത് തടയാൻ തയ്യാറായില്ല. പകരം പാളികൾ കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും എസ്ഐടി പറയുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ 13ആം പ്രതിയാണ് തന്ത്രി കണ്‌ഠരര് രാജീവര്. ഇന്ന് പുലർച്ചെയാണ് എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തുടർന്ന് മണികൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഉച്ചകഴിഞ്ഞ് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈകീട്ടോടെ പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി.
രാത്രി എട്ടുമണിയോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ കണ്‌ഠരര് രാജീവരെ 14 ദിവസത്തെക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. പ്രതിയെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റും. അതേസമയം, സ്വർണക്കൊള്ളയിൽ ഇന്ന് ഇഡിയും കേസെടുത്തിട്ടുണ്ട്. എസ്ഐടി അന്വേഷിക്കുന്ന കേസിലെ അതേ പ്രതികൾ തന്നെയാണ് ഇഡി കേസിലെ പ്രതിപ്പട്ടികയിലും ഉള്ളത്.
Most Read| ഗാസ സമാധാന സേനയിൽ പാക്ക് സൈന്യം വേണ്ട; അംഗീകരിക്കില്ലെന്ന് ഇസ്രയേൽ








































