76ആം വയസിൽ പത്താം ക്ളാസ് തുല്യതാ പരീക്ഷ വിജയിച്ചതിന്റെ ആഹ്ളാദത്തിലാണ് കോഴിക്കോട് കൊടുവള്ളി വാരികുഴിത്താഴം അരിക്കോട്ടിൽ പത്‌മാവതി അമ്മ. പത്താം ക്ളാസ് പരീക്ഷയെഴുതി പാസാകണമെന്നത് പത്‌മാവതി അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പഠനസമയത്ത് ഇത് സാധിച്ചിരുന്നില്ല.
1968-69 ബാച്ചിൽ പത്താം ക്ളാസ് പരീക്ഷയെഴുതി തൊട്ടപ്പോൾ വീട്ടിലെ സാഹചര്യം തുടർപഠനത്തിന് തടസമായി. അമ്മ വീണ് തോളെല്ല് പൊട്ടി കിടപ്പിലായപ്പോൾ അമ്മയെ ശ്രുശ്രൂഷിക്കാൻ ആളില്ലാതായപ്പോഴാണ് പത്‌മാവതി അമ്മയ്‌ക്ക് പഠനം നിർത്തേണ്ടി വന്നത്.
അങ്ങനെ വർഷങ്ങൾ കടന്നുപോയി. ഭാര്യയും അമ്മയും ഒക്കെയായി. എങ്കിലും മനസിലെ ആഗ്രഹത്തിന് തെല്ലും മങ്ങലേറ്റിരുന്നില്ല. അങ്ങനെയാണ് തുല്യതാ ക്ളാസിൽ ചേരുന്നത്. പഠന ക്ളാസിൽ ഏറ്റവും പ്രായം കൂടിയ പഠിതാവായിരുന്നു പത്‌മാവതി അമ്മ. മറവിയും ഇംഗ്ളീഷ്, ഹിന്ദി വാക്കുകളുടെ അർഥങ്ങൾ മനസിലാകാത്തതും വലിയ പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നതായി അമ്മ പറയുന്നു.
എന്നാൽ, അധ്യാപകരുടെ പൂർണ സഹകരണമാണ് പത്‌മാവതി അമ്മയ്‌ക്ക് പരീക്ഷയെഴുതാനുള്ള ആത്‌മവിശ്വാസം നൽകിയത്. പതിയെ പതിയെ വളരെ കഷ്‌ടപ്പെട്ട് പത്‌മാവതി അമ്മ ഇംഗ്ളീഷും ഹിന്ദിയും ഉൾപ്പടെയുള്ള വിഷയങ്ങൾ പഠിച്ചെടുത്തു.
ക്ളാസിൽ ഏറ്റവും ആക്റ്റീവായിരുന പത്‌മാവതി അമ്മയെ ഞങ്ങളെല്ലാവരും അമ്മേ എന്നാണ് വിളിച്ചിരുന്നതെന്നും ഈ അമ്മയെ പഠിപ്പിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായും പത്‌മാവതി അമ്മയുടെ ഹിന്ദി അധ്യാപകനായ കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപകൻ ചാത്തമംഗലം പുനത്തിൽ കെടി. സന്തോഷ് പറഞ്ഞു.
പ്രായം 76 ആയെങ്കിലും വെറുതെയിരിക്കുന്ന പതിവ് പത്‌മാവതി അമ്മയ്‌ക്കില്ല. മൈ ലൈഫ് സ്‌റ്റൈൽ മാർക്കറ്റിങ് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡിൽ ഡിസ്‌ട്രിബ്യൂട്ടർ ഏരിയാ ടീം കോർഡിനേറ്ററായി പ്രവർത്തിക്കുകയാണിപ്പോൾ. വാരിക്കഴിത്താഴം കണ്ണിക്കകരുമകൻ ക്ഷേത്രം മുൻ മാതൃസമിതി പ്രസിഡണ്ടും ഇപ്പോൾ ക്ഷേത്രകമ്മിറ്റി അംഗവുമാണ് പത്‌മാവതി അമ്മ.
പരേതനായ ഗോപാലൻ നായരാണ് ഭർത്താവ്. വിമുക്‌തഭടനായ പ്രദീപ് മകനാണ്. പഠനം പാതിവഴിയിൽ നിർത്തിയവരോട് പത്‌മാവതി അമ്മയ്‌ക്ക് പറയാനുള്ളത്, ആഗ്രഹവും പരിശ്രമവും ഉണ്ടെങ്കിൽ ഏത് പ്രായത്തിലും വിജയം ഉറപ്പാണെന്നാണ്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!






































