ടെഹ്റാൻ: ഇറാനിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ, നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്ത് റിസാ പഹ്ലവി. ഇനി നമ്മുടെ ലക്ഷ്യം തെരുവിലിറങ്ങുന്നത് മാത്രമല്ലെന്നും നഗര കേന്ദ്രങ്ങൾ നിയന്ത്രണത്തിലാക്കണമെന്നും റിസാ പഹ്ലവി പറഞ്ഞു.
1979ൽ ഇസ്ലാമിക വിപ്ളവത്തിൽ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റിസാ പഹ്ലവിയുടെ മകനാണ് റിസാ പഹ്ലവി. ഇസ്ലാമിക വിപ്ളവത്തെ തുടർന്ന് ഇറാനിൽ നിന്ന് പലായനം ചെയ്ത റിസാ പഹ്ലവി ഇപ്പോൾ യുഎസിലാണ്.
രാജ്യത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണെന്നും റിസാ പഹ്ലവി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. റിസാ പഹ്ലവി ഇറാനിലേക്ക് മടങ്ങി വരണമെന്ന് നിരവധി പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടിരുന്നു. ഗതാഗതം, ഇന്ധനം, വൈദ്യുതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ പണിമുടക്കി പ്രക്ഷോഭത്തിന് പിന്തുണ നൽകണമെന്നും റിസാ പഹ്ലവി അഭ്യർഥിച്ചു.
ഇറാനിലെ സിംഹാസനത്തിന്റെ അവകാശിയായാണ് റിസാ പഹ്ലവി വളർന്നത്. 1979ലെ വിപ്ളവത്തിലൂടെ പിതാവ് ഷാ മുഹമ്മദ് റിസാ പഹ്ലവിയുടെ ഭരണം അവസാനിക്കുമ്പോൾ റിസാ പഹ്ലവി യുഎസിൽ യുദ്ധവിമാന പൈലറ്റ് പരിശീലനത്തിലായിരുന്നു. പിന്നീട് യുഎസിൽ തുടരേണ്ടിവന്നു. ഇതിനിടെ, മേഖലയിൽ യുഎസ് സൈനിക വിമാനങ്ങൾ നിരീക്ഷണം ശക്തമാക്കി.
മേഖലയിലേക്ക് കൂടുതൽ യുദ്ധോപകരണങ്ങളും എത്തിക്കുന്നുണ്ട്. യുഎസ് ഇറാനെ ആക്രമിക്കാൻ തയ്യാറെടുക്കുകയാണോ എന്ന സംശയം വർധിച്ചു. പ്രക്ഷോഭകരെ കൊന്നൊടുക്കിയാൽ ശക്തമായി ഇടപെടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ച, വിലക്കയറ്റം എന്നിവ ഉയർത്തി ഡിസംബർ 28നാണ് ഇറാൻ ജനത പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ ഒരുവർഷമായി ഇറാൻ കറൻസിയുടെ മൂല്യം ഗണ്യമായി കുറയുകയാണ്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. പിന്നാലെ വിദ്യാർഥികളും തെരുവിലേക്ക് ഇറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം







































