ന്യൂഡെൽഹി: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. രാജ്യവ്യാപകമായ ഇന്റർനെറ്റ് വിച്ഛേദനവും വിമാന സർവീസുകൾ നിർത്തിവെച്ചതും ഒഴിപ്പിക്കൽ നടപടികൾ ആസൂത്രണം ചെയ്യുന്നതിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
ഇറാനിലെ 31 പ്രവിശ്യകളിലായി 180ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. ഏകദേശം 15 ലക്ഷം മുതൽ 18 ലക്ഷം വരെ ആളുകൾ തെരുവിലിറങ്ങിയതായാണ് ഇന്റലിജൻസ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാഴ്ച പിന്നിട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 116 പേർ കൊല്ലപ്പെടുകയും 2600ഓളം പേർ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ലാൻഡ്ലൈൻ വിച്ഛേദിക്കപ്പെട്ടതും ഇന്റർനെറ്റ് ലഭ്യമല്ലാത്തതും കാരണം രാജ്യത്തെ യഥാർഥ സാഹചര്യം വിലയിരുത്തുന്നത് വിദേശ രാജ്യങ്ങൾക്ക് പ്രയാസകരമായി മാറിയിരിക്കുകയാണ്. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആരെയും ‘ദൈവത്തിന്റെ ശത്രു’ ആയി കണക്കാക്കുമെന്നും വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നുമാണ് ഇറാന്റെ അറ്റോർണി ജനറൽ അഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കലാപകാരികളെ സഹായിച്ചവർക്കും തുല്യ ശിക്ഷ നൽകുമെന്നും ആസാദ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ വെടിവെച്ചാൽ, തങ്ങൾ തിരിച്ചടിക്കുമെന്നും പ്രക്ഷോഭകർക്ക് വേണ്ടി ഇടപെടാൻ മടക്കില്ലെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വിലക്കയറ്റത്തിനെതിരായ കലാപം രണ്ടാഴ്ച പിന്നീടവേ, പൊതുമുതൽ നശിപ്പിക്കുന്നത് തുടർന്നാൽ സൈന്യം ഇറങ്ങുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും ഇറാനിൽ ഉടനടി ഒരു ഭരണമാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ യഥാർഥ അധികാരം പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെയും കൈകളിലാണ്.
ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ 30 മുതൽ 40 ശതമാനം വരെ ഊർജം, നിർമാണം, ടെലികോം എന്നീ മേഖലകളിലൂടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആണ് നിയന്ത്രിക്കുന്നത്. ഏകദേശം 1.5 ലക്ഷം സൈനികരും പത്തുലക്ഷത്തോളം വരുന്ന ബാസിജ് മിലിഷ്യയും ഭരണകൂടത്തിന് കാവലായുണ്ട്.
ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, അത്തരമൊരു നീക്കമുണ്ടായാൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും ഇസ്രയേലും തങ്ങളുടെ ലക്ഷ്യങ്ങളായിരിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ തിരിച്ചടിച്ചു.
Most Read| ആരിക്കാടിയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം; നടപടികൾ തുടങ്ങി







































