ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ പിഎസ്എൽവി-സി62 ദൗത്യം പരാജയപ്പെട്ടു. ഭൂമിയിൽ നിന്ന് വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണ പാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാംഘട്ടത്തിൽ നിയന്ത്രണം നഷ്‌ടമാകുകയും ചെയ്‌തതായി ഐഎസ്ആർഒ അറിയിച്ചു.
ഐഎസ്‌ആർഒയുടെ 2026ലെ ആദ്യ വിക്ഷേപണമായിരുന്നു ഇത്. തുടർച്ചയായ രണ്ടാംതവണയാണ് പിഎസ്എൽവി വിക്ഷേപണം പരാജയപ്പെടുന്നത്. ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആർഒ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. വിക്ഷേപിച്ച 380 സെക്കൻഡിന് ശേഷം മൂന്നാംഘട്ടത്തിലാണ് നിയന്ത്രണം നഷ്‌ടമായതെന്നും എക്‌സിലൂടെ ഐഎസ്ആർഒ അറിയിച്ചു.
കഴിഞ്ഞവർഷം മേയിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള പിഎസ്എൽവി-സി 61 ദൗത്യം പരാജയപ്പെട്ടത്. ഇന്നത്തേതിന് സമാനമായി വിക്ഷേപണത്തിന്റെ മൂന്നാംഘട്ടത്തിൽ തന്നെയാണ് അന്നും പ്രശ്‌നം നേരിട്ടത്. സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ അന്ന് കാരണമായത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നാണ് പിഎസ്എൽവി ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. ഇന്ന് രാവിലെ 10.17നായിരുന്നു വിക്ഷേപണം. ഇന്ത്യൻ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 (അന്വേഷ)യ്‌ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ചെറു ഉപഗ്രഹങ്ങൾ കൂടി ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ചു.
ഭൗമോപരിതലത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത ഇഒഎസ്-എൻ1 (അന്വേഷ) ആണ് ദൗത്യയിലെ പ്രധാന ഉപഗ്രഹം. അന്വേഷയിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന (ഡിആർഡിഒ) ആയിരിക്കും ഉപയോഗിക്കുക. 511 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന അന്വേഷയുടെ വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































