തിരുവനന്തപുരം: കേരള കോൺഗ്രസും (എം) ആർജെഡിയും മുന്നണിമാറുമെന്ന അഭ്യൂഹങ്ങൾ ശക്‌തമായിരിക്കെ, ജോസ് കെ മാണിയും എംവി ശ്രേയാംസ് കുമാറും എൽഡിഎഫ് സമരത്തിന് എത്തിയില്ല. മന്ത്രി റോഷി അഗസ്‌റ്റിൻ, ചീഫ് വിപ്പ് എൻ. ജയരാജ് തുടങ്ങിയ നേതാക്കൾ സമരപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് എൽഡിഎഫ് യോഗങ്ങളിലും പങ്കെടുക്കാതിരുന്ന ജോസ് കെ മാണി ഇന്ന് സത്യഗ്രഹത്തിനും വരാതിരുന്നതോടെ മുന്നണി ബന്ധം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്ന അഭ്യൂഹത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ഫെബ്രുവരിയിൽ നടക്കുന്ന എൽഡിഎഫിന്റെ മേഖലാ ജാഥയിൽ മധ്യമേഖലയുടെ ക്യാപ്റ്റനായി നിശ്‌ചയിച്ചിരിക്കുന്നത് ജോസ് കെ മാണിയെയാണ്.
എന്നാൽ, എൻ. ജയരാജിനെ ക്യാപ്റ്റൻ സ്‌ഥാനം ഏൽപ്പിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഫെബ്രുവരി ആറിന് അങ്കമാലിയിൽ ആരംഭിച്ച് 13ന് ആറൻമുളയിൽ സമാപിക്കുന്ന തരത്തിലാണ് മധ്യമേഖലാ ജാഥ നിശ്‌ചയിച്ചിരിക്കുന്നത്. എംവി ഗോവിന്ദനും ബിനോയ് വിശ്വവുമാണ് മറ്റു ജാഥകളെ നയിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ യുഡിഎഫിലേക്ക് തിരിച്ചുപോകുന്നത് സംബന്ധിച്ച് വലിയ സമ്മർദ്ദമാണ് പാർട്ടി നേതൃത്വം നേരിടുന്നത്. എൽഡിഎഫിനൊപ്പം തന്നെ നിൽക്കണമെന്നാണ് എംഎൽഎമാരിൽ ചിലരുടെ നിലപാട്. പാർട്ടി സ്വീകരിക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്ന് മറ്റു എംഎൽഎമാർ അറിയിച്ചിട്ടുണ്ട്. 16ന് ചേരുന്ന ഉന്നതാധികാര യോഗത്തിൽ ഇത് സംബന്ധിച്ച് വിശദമായ ചർച്ചയാകും നടക്കുക.
കേരളാ കോൺഗ്രസ് എമ്മിനെ തിരിച്ചുകൊണ്ടുവരുന്നതിനെ അനുകൂലിച്ച് കോൺഗ്രസിലെ ഒരുവിഭാഗം ശക്‌തമായി രംഗത്തുണ്ട്. ലീഗും ഇതിന് അനുകൂലമാണ്. ഭരണമാറ്റം ഉറപ്പിക്കാനുള്ള ഒരു സാധ്യതയും ഇക്കുറി തള്ളിക്കളയരുതെന്നാണ് ഇവർ വ്യക്‌തമാക്കുന്നത്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!







































