തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ലെന്നും യഥാർഥ നിലപാട് ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് കുറിപ്പിൽ ഉണ്ടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
രണ്ടാഴ്ച മുൻപ് ചെയർമാൻ തന്നെ നയം വ്യക്തമാക്കിയതാണ്. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണെന്ന് ജോസ് കെ. മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ നടന്നതായി അറിയില്ല. എല്ലാത്തിനും മറുപടി പറയേണ്ടത് ചെയർമാൻ ആണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരളാ കോൺഗ്രസ് എം, എൽഡിഎഫ് മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റോഷി അഗസ്റ്റിൻ നിലപാട് വ്യക്തമാക്കിയത്. വിവാദത്തിനിടെ കഴിഞ്ഞദിവസത്തെ എൽഡിഎഫ് സമരത്തിന്റെ ഫോട്ടോ റോഷിയും റാന്നി എംഎൽഎ പ്രമോദ് നാരായണും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ‘തുടരും’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.
”ഇന്നലത്തെ ഉപവാസ സമരത്തിൽ അഞ്ച് എംഎൽഎമാരും പങ്കെടുത്തു. ജോസ് കെ. മാണി പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയതാണ്. എൽഡിഎഫ് സർക്കാരിനൊപ്പം തുടരും. അതിൽ അഭ്യൂഹത്തിന്റെ ആവശ്യമെന്താണ്?. മുന്നണി മാറ്റത്തിൽ സഭ ഇടപെട്ടിട്ടില്ല. സഭാ അധ്യക്ഷൻമാർ ഇക്കാര്യത്തിൽ രാഷ്ട്രീയ നിലപാട് ഇതുവരെ എടുത്തിട്ടില്ല. ഒരാശങ്കയും ഇക്കാര്യത്തിൽ ഇല്ല.
ജോസ് കെ. മാണിയുമായി സോണിയാ ഗാന്ധി സംസാരിച്ചുവെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. സോണിയ ഗാന്ധിയും പറഞ്ഞിട്ടില്ല. പാർട്ടിയുടെ നിലപാട് വ്യക്തമാണ്. ഒരു അഭ്യൂഹങ്ങൾക്കും കേരളാ കോൺഗ്രസിൽ ഇടമില്ല. ഇടതുഭരണം തുടരും. വിശ്വാസപ്രമാണങ്ങളെ അടിയറ വയ്ക്കില്ല. ധാർമികതയെ ചോദ്യം ചെയ്യുന്ന ഒന്നിനും ഇടമില്ല”- റോഷി അഗസ്റ്റിൻ പറഞ്ഞു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































