റോഡരികിൽ നിന്ന് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയിട്ടും മനസ് പതറാതെ ഉടമക്ക് തിരികെ നൽകി നാടിന്റെ ഹീറോ ആയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ പത്‌മ. ചെന്നൈ ടി നഗറിലെ ശുചീകരണ തൊഴിലാളിയാണ് പത്‌മ.
പതിവുപോലെ ടി നഗറിൽ ശുചീകരണ പ്രവൃത്തി ചെയ്യുമ്പോഴാണ് പത്‌മ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഒരു ബാഗ് കണ്ടത്. ബാഗ് തുറന്ന് നോക്കിയപ്പോഴാണ് നിറയെ സ്വർണാഭരണങ്ങൾ കണ്ടത്. ഒട്ടും സമയം കളയാതെ ബാഗുമായി സമീപത്തെ പോണ്ടിബസാർ പോലീസ് സ്‌റ്റേഷനിലെത്തി പത്‌മ സ്വർണം കൈമാറി.
ഉടമയെ തേടിയുള്ള പോലീസ് അന്വേഷണത്തിൽ സ്വർണാഭരണം നങ്കരനല്ലൂർ സ്വദേശിയായ രമേശിന്റേതാണെന്ന് കണ്ടെത്തി. ഇതോടെ പത്‌മ നാടിന്റെ ഹീറോയായി. ഒട്ടേറെപ്പേർ പത്‌മയുടെ സത്യസന്ധതയിൽ അഭിനന്ദിക്കാനെത്തി. പത്‌മയുടെ മാതൃകാപരമായ പെരുമാറ്റത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഒരുലക്ഷം രൂപ പാരിതോഷികം നൽകി.
വർഷങ്ങൾക്ക് മുൻപ് പത്‌മയുടെ ഭർത്താവ് സുബ്രഹ്‌മണിക്കും മറീന ബീച്ചിന് സമീപത്തുനിന്ന് പണമടങ്ങിയ ബാഗ് ലഭിച്ചിരുന്നു. ഒന്നരലക്ഷം രൂപയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതും പോലീസിന് കൈമാറിയിരുന്നു. വാടകവീട്ടിൽ കഴിയുന്ന ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































