തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി ജോസ് കെ. മാണി. കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചുനിൽക്കും. ആരാണ് ചർച്ച നടത്തുന്നത്? ആരും തങ്ങളെയോർത്ത് കരയേണ്ടെന്നും ജോസ് കെ. മാണി കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
പാർട്ടിയിൽ ഭിന്നതയില്ല. കേരളാ കോൺഗ്രസ് എന്ത് തീരുമാനമെടുക്കുന്നുവോ അതിനൊപ്പം അഞ്ച് എംഎൽഎമാരും ഉണ്ടാവും. കേരളാ കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ടാണ് ജോസ് കെ. മാണി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയത്.
എൽഡിഎഫിന്റെ പരിപാടിയിൽ പങ്കെടുക്കാതിരുന്നതിനും അദ്ദേഹം വിശദീകരണം നൽകി. ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ കാണാനാണ് കുടുംബസമേതം ദുബായിലേക്ക് പോയത്. ഇത് മുഖ്യമന്ത്രിയെ അടക്കം ഉത്തരവാദപ്പെട്ട എല്ലാവരെയും അറിയിച്ചതുമാണ്. കേരളാ കോൺഗ്രസിലെ അഞ്ച് എംഎൽഎമാരും പരിപാടിയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന എൽഡിഎഫ് സമരത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതും ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയെ നയിക്കാൻ ജോസ് എത്തില്ലെന്നതും സോണിയാ ഗാന്ധി ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചെന്ന വാർത്തയുമെല്ലാം കേരളാ കോൺഗ്രസ് ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു.
‘തുടരും’ എന്ന് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത ഉണ്ടെന്ന തരത്തിൽ വാർത്തകളും പുറത്തുവന്നു. ഇതോടെ, മുന്നണിമാറ്റ അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചു. പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ജോസ് കെ. മാണി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്മയുടെ സത്യസന്ധതയ്ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം







































