ടെഹ്‌റാൻ: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് അടിയന്തിരമായി രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ അടക്കമുള്ളവർ ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ വിടണമെന്നാണ് നിർദ്ദേശം.
ഇറാനിലെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 2500 കവിഞ്ഞ സാഹചര്യത്തിലാണ് കർശന നിർദ്ദേശവുമായി ഇന്ത്യൻ എംബസി രംഗത്തെത്തിയത്. ജനുവരി അഞ്ചിന് നൽകിയ മുന്നറിയിപ്പുകളുടെ തുടർച്ചയായാണ് എംബസിയുടെ പുതിയ നിർദ്ദേശം.
എല്ലാ ഇന്ത്യൻ പൗരൻമാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്‌ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും എംബസി അഭ്യർഥിച്ചു. ഇറാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധം പുലർത്തുകയും പ്രാദേശിക മാദ്ധ്യമങ്ങളിലൂടെയുള്ള അറിയിപ്പുകൾ ശ്രദ്ധിക്കുകയും ചെയ്യണം.
എല്ലാവരും പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പടെയുള്ള യാത്രാ-ഇമിഗ്രേഷൻ രേഖകൾ കൈവശം സൂക്ഷിക്കണം. എന്ത് സഹായത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടണം. ഇതുവരെ എംബസിയിൽ രജിസ്‌റ്റർ ചെയ്യാത്ത എല്ലാ ഇന്ത്യൻ പൗരൻമാരും https://www.indianembassytehran.gov.in/registration എന്ന ലിങ്ക് വഴി ഉടൻ രജിസ്‌റ്റർ ചെയ്യണം.
ഇറാനിലെ ഇന്റർനെറ്റ് തടസങ്ങൾ കാരണം രജിസ്‌റ്റർ ചെയ്യാൻ കഴിയാത്തവർക്കായി ഇന്ത്യയിലുള്ള അവരുടെ കടുംബാംഗങ്ങൾക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. ഇന്ത്യൻ എംബസി അടിയന്തിര ഹെൽപ്പ് ലൈൻ നമ്പറുകൾ: +989128109115, +989128109109, +989128109102, +989932179359. ഇ-മെയിൽ: [email protected].
ഇറാനിൽ നാൾക്കുനാൾ സ്‌ഥിതി കൂടുതൽ വഷളാവുകയാണ്. ആഴ്‌ചകളായി തുടരുന്ന പ്രതിഷേധങ്ങൾക്ക് ശമനമില്ല. സ്‌ഥിതികൾ കൂടുതൽ വഷളാക്കുന്ന തരത്തിൽ പ്രതിഷേധക്കാരെ പിന്തുണയ്‌ക്കുന്ന തരത്തിൽ കഴിഞ്ഞദിവസം യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സന്ദേശവും വന്നിരുന്നു. ഇറാനിലെ ജനങ്ങളോട് സമരം തുടരാൻ ട്രംപ് ആഹ്വാനം ചെയ്‌തു. സഹായം ഉടൻ എത്തുമെന്നും പ്രഖ്യാപിച്ചു. ഇറാനുമായുള്ള ചർച്ച യുഎസ് നിർത്തിവെച്ചതായും അറിയിച്ചു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































