തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസ് അറസ്‌റ്റിൽ. ശങ്കരദാസ് ചികിൽസയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്.
എ. പത്‌മകുമാർ ദേവസ്വം ബോർഡ് ചെയർമാൻ ആയിരുന്നപ്പോൾ ബോർഡ് അംഗമായിരുന്നു ഇദ്ദേഹം. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിൽസയിലാണ്. ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്‌റ്റെന്നാണ് വിവരം.
ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി കഴിഞ്ഞദിവസം കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് ഹൈക്കോടതി ചോദിച്ചത്. മകൻ പോലീസ് ഓഫിസർ ആയതിനാൽ, കേസിൽ പ്രതിയായത് മുതൽ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസ് ആശുപത്രിയിലാണ്. മാന്യത വേണം എന്നായിരുന്നു എസ്ഐടിയോട് കോടതി പറഞ്ഞത്.
കെപി. ശങ്കരദാസിനെ പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട് ഹാജരാക്കാൻ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹരജി പരിഗണിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ശങ്കരദാസ് തിരുവനന്തപുരത്തെ ആശുപത്രിയിൽ അബോധാവസ്‌ഥയിൽ ആണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
തെളിവിനായി ഫോട്ടോകളും ചികിൽസാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് എസ്ഐടി അറസ്‌റ്റിലേക്ക് കടന്നത്. ശബരിമല സ്വർണപ്പാളി കേസിൽ പ്രതിയാണ് ശങ്കരദാസ്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്‌ചയാണ് ഇനി കോടതി പരിഗണിക്കുക.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം








































