മലപ്പുറം: വാണിയമ്പലം തൊടികപുലത്ത് 16-കാരിയായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കരുവാരക്കുണ്ട് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയാണ് മരിച്ചത്. റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സ്കൂൾ യൂണിഫോം ആണ് ധരിച്ചിരുന്നത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടി പഠിക്കുന്ന അതേ സ്കൂളിലെ പ്ളസ് ടു വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പെൺകുട്ടിയെ കാണാനില്ലെന്ന് മാതാവ് കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ ഇന്നലെ പരാതി നൽകിയിരുന്നു. തുടർന്നാണ് ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആൺസുഹൃത്ത് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
ഇന്ന് രാവിലെ 11 മണിയോടെയാണ് വാണിയമ്പലത്തിനും തൊടികപുലത്തിനും ഇടയിൽ റെയിൽവേ പുറമ്പോക്ക് സ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആൺസുഹൃത്ത് കുറ്റം സമ്മതിച്ചതായാണ് സൂചന. ഇരുവരും നേരത്തെ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം.
പെൺകുട്ടിയുടെ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് മാതാവ് നേരത്തെ പോലീസിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ആൺസുഹൃത്തിനെ പോലീസ് താക്കീത് ചെയ്തിരുന്നതായും പറയുന്നുണ്ട്. മറ്റാർക്കെങ്കിലും സംഭവുമായി ബന്ധമുണ്ടോ എന്നതുൾപ്പടെ പോലീസ് അന്വേഷിച്ചുവരികയാണ്.
Most Read| ശവസംസ്കാര ചടങ്ങിനിടെ 103 വയസുകാരിയുടെ തിരിച്ചുവരവ്; കേക്ക് മുറിച്ച് ആഘോഷിച്ച് ബന്ധുക്കൾ



































