ന്യൂഡെൽഹി: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം. വിദ്യാർഥികളെ അടക്കം തിരികെയെത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയേക്കും. ഏത് അടിയന്തിര ഇടപെടലിനും ഇന്ത്യ സജ്‌ജമാണെന്നും എസ്. ജയശങ്കർ വ്യക്‌തമാക്കി.
ഇറാൻ വിദേശകാര്യ മന്ത്രിയോട് എസ്. ജയശങ്കർ നിലവിലെ സാഹചര്യം അന്വേഷിച്ചതായാണ് വിവരം. 9000 ഇന്ത്യക്കാർ നിലവിൽ ഇറാനിൽ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്. വിദ്യാർഥികളും വ്യാപാരികളും പ്രൊഫഷണലുകളുമുണ്ട്.
ഇറാനിൽ നിന്നുള്ള അന്താരാഷ്‌ട്ര വിമാനസർവീസുകൾ നിർത്തിയ സാഹചര്യത്തിൽ പ്രത്യേക വിമാനങ്ങളിലായി ഇവരെ ഒഴിപ്പിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ടെഹ്‌റാൻ, ഇസ്‌ഫഹാൻ എന്നീ നഗരങ്ങളിലെ മെഡിക്കൽ കോളേജുകളിൽ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവർ തയ്യാറായി നിൽക്കാനുള്ള സന്ദേശം ഇന്ത്യൻ എംബസി നൽകി കഴിഞ്ഞു.
ഇന്റർനെറ്റ് വിച്‌ഛേദിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാ ഇന്ത്യക്കാരെയും ബന്ധപ്പെടുന്നതിന് എംബസി പ്രതിസന്ധി നേരിടുന്നുണ്ട്. അമേരിക്കൻ ആക്രമണം ഉടൻ ഇല്ലെന്ന സൂചനകൾ വന്നെങ്കിലും ഇറാനകത്തെ സ്‌ഥിതി സങ്കീർണമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യക്കാരുടെ സുരക്ഷ ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാക്‌ചിയുമായുള്ള സംഭാഷണത്തിൽ ജയശങ്കർ വിലയിരുത്തിയിരുന്നു.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം





































