കൊൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്‌ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ സർവീസ്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേർക്ക് യാത്ര ചെയ്യാം.
പകൽ യാത്രകളെ ആയാസരഹിതമാക്കിയ വന്ദേഭാരത് ചെയർകാർ ട്രെയിനുകൾക്ക് ലഭിച്ച വൻ സ്വീകാര്യതയാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്ളീപ്പർ ട്രെയിനുകൾ ഓടിക്കാൻ പ്രേരണയായത്. വിമാനങ്ങളിലേതിന് സമാനമായ കേറ്ററിങ് ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാക്കും. തേഡ് എസിയിൽ 2300, സെക്കൻഡ് എസിയിൽ 3000, ഫസ്‌റ്റ് എസിയിൽ 3600 എന്നിങ്ങനെയായിരിക്കും ഭക്ഷണം ഉൾപ്പടെ ഏകദേശ ടിക്കറ്റ് നിരക്ക്.
കുലുക്കമില്ലാതെ യാത്ര ഉറപ്പ് നൽകുന്ന ട്രെയിനിൽ മികച്ച ബെർത്തുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം, അടിയന്തിര ടോക്ക്-ബാക്ക് സിസ്‌റ്റം, ശുചിത്വം, അണുവിമുക്‌തമായതും ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതുമായ അന്തരീക്ഷം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പൂർണമായും തദ്ദേശീയമാണ് നിർമാണം.
”പൂർണമായും ശീതീകരിച്ച വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ കുറഞ്ഞ നിരക്കിൽ വിമാനയാത്രയ്‌ക്ക് സമാനമായ അനുഭവം യാത്രക്കാർക്ക് നൽകും. ദീർഘദൂര യാത്രകൾ കൂടുതൽ വേഗമേറിയതും സുരക്ഷിതവും സൗകര്യപ്രദവുമാക്കും. ഹൗറ-ഗുവാഹത്തി റൂട്ടിലെ യാത്രാസമയം ഏകദേശം 2.5 മണിക്കൂർ കുറയ്‌ക്കുന്നതിലൂടെ തീർഥാടനത്തിനും വിനോദസഞ്ചാരത്തിനും ട്രെയിൻ വലിയ ഉത്തേജനം നൽകും”- പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്‌താവനയിൽ പറയുന്നു.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































