തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസിനെ (85) മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിൽസ മാറ്റാൻ കൊല്ലം വിജിലൻസ് കോടതി ജഡ്‌ജി സിഎസ് മോഹിത് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.
ബുധനാഴ്‌ച രാത്രി ഏഴുമണിയോടെ ശങ്കരദാസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ ജഡ്‌ജി ആശുപത്രിയിൽ എത്തിയാണ് റിമാൻഡ് ചെയ്‌തത്. നിലവിൽ ലഭിക്കുന്ന ചികിൽസ മെഡിക്കൽ കോളേജിൽ ലഭ്യമാക്കാനാണ് നിർദ്ദേശം. ഡോക്‌ടർമാരുമായി ആശയവിനിമയം നടത്തിയ ജഡ്‌ജി ചികിൽസയുടെ വിവരങ്ങൾ റിപ്പോർട്ടായി വാങ്ങി.
ഇതേ ചികിൽസ മെഡിക്കൽ കോളേജിൽ നൽകുന്നതിന് മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും റിപ്പോർട് വാങ്ങി. ഇതിനുശേഷം ജയിൽ ഡോക്‌ടറുടെ പരിശോധനാ റിപ്പോർട്ടും ലഭിച്ചശേഷമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. തലച്ചോറിൽ രക്‌തം കട്ടപിടിച്ചത് സ്‌കാനിങ്ങിൽ കണ്ടെത്തിയെന്നും കടുത്ത പക്ഷാഘാതം ഉണ്ടായെന്നുമാണ് സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള പരിശോധനാ റിപ്പോർട്.
എ. പത്‌മകുമാർ ദേവസ്വം ബോർഡ് ചെയർമാൻ ആയിരുന്നപ്പോൾ ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. തുടർന്നാണ് എസ്ഐടി ആശുപത്രിയിലെത്തി അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Most Read| ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തു







































