വാഷിങ്ടൻ: ഇറാനിൽ പുതിയൊരു നേതൃത്വത്തെ തേടേണ്ട സമയമായിരിക്കുന്നുവെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ 37 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കണം. രാജ്യം ഭരിക്കാൻ ഇറാന്റെ നേതൃത്വം അടിച്ചമർത്തലിനെയും അക്രമത്തെയുമാണ് ആശ്രയിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.
”രാജ്യം പ്രവർത്തനക്ഷമമായി നിലനിർത്താൻ, ആ പ്രവർത്തനം വളരെ താഴ്ന്ന നിലയിലാണെങ്കിൽ പോലും നേതൃത്വം രാജ്യം ശരിയായി ഭരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഞാൻ യുഎസിൽ ചെയ്യുന്നതുപോലെ. അല്ലാതെ അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടത്”- ട്രംപ് പറഞ്ഞു.
ഖമനയിയെ ഒരു രോഗി എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ നേതൃത്വം കാരണമാണ് ആ രാജ്യം ജീവിക്കാൻ ഏറ്റവും മോശമായ സ്ഥലമായി മാറിയതെന്നും പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്ത രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കുമെന്ന് ഖമനയി പ്രതിജ്ഞയെടുത്തതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഖമനയി ട്രംപിനെ കുറ്റപ്പെടുത്തിയിരുന്നു.
ഡൊണാൾഡ് ട്രംപ് ക്രിമിനലാണെന്ന് ഖമനയി വിമർശിച്ചു. രാജ്യത്തുണ്ടായ ആയിരക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദികൾ പ്രതിഷേധക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനിലെ കലാപത്തിൽ യുഎസ് പ്രസിഡണ്ട് നേരിട്ട് പ്രസ്താവനകൾ നടത്തിയതായും ഖമനയി വ്യക്തമാക്കി.
ഇറാനുമേൽ സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി എന്ന നിലയിൽ യുഎസ് പ്രസിഡണ്ടിനെ ഒരു ക്രിമിനലായി ഖമനയി പറഞ്ഞു. പ്രതിഷേധക്കാർ അമേരിക്കയുടെ കാലാൾപ്പടയാണെണെന്നും ഖമനയി വിശേഷിപ്പിച്ചു.
Most Read| പ്രധാനമന്ത്രി23ന് തിരുവനന്തപുരത്ത്; രണ്ട് മണിക്കൂർ, രണ്ട് പരിപാടികൾ







































