കോഴിക്കോട്: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. ശരണ്യയ്ക്കുമേൽ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. അതേസമയം, ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെവിട്ടു.
കൊലപാതകത്തിൽ നിധിനുമേൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. രണ്ടാംപ്രതിയെ വെറുതെവിട്ടത് തെളിവുകളുടെ അഭാവത്തിലാണെന്നും കോടതി പറഞ്ഞു. അതേസമയം, ശരണ്യയ്ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷമാകും വിധിക്കുക. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
കണ്ണൂർ തയ്യിൽ കൊടുവള്ളി ശരണ്യ മകൻ വിയാനെ (ഒന്നര വയസ്) കൊന്നുവെന്നാണ് കേസ്. നിധിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാൻ രാത്രി കടലിലെറിയുകയായിരുന്നു. വാദിഭാഗത്തിന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ യു.രമേശനാണ് ഹാജരായത്. 2020 ഫെബ്രുവരി 17നായിരുന്നു സംഭവം. തയ്യിൽ കടപ്പുറത്ത് കരിങ്കല്ലുകൾക്ക് ഇടയിലാണ് ശരണ്യയുടെ മകൻ വിയാന്റെ മൃതദേഹം കാണപ്പെട്ടത്.
ഭർത്താവ് പ്രണവിനൊപ്പം കിടന്നുറന്നുറങ്ങിയ കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ടുപോയി കടൽഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കുഞ്ഞിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. മരണം ഉറപ്പിക്കാനായി കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസ് റിപ്പോർട്.
പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ കാമുകൻ നിധിൻ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. 2020 മെയ് 18നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുഞ്ഞിനെ കടലിൽ എറിഞ്ഞുകൊല്ലാനും മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിന്റെ മേൽ ചുമത്താനുമായിരുന്നു ശരണ്യയുടെ നീക്കം.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































