കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡി റെയ്‌ഡ് നടക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലുമായി 21 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.
കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളായ ഉണ്ണിക്കൃഷ്‌ണൻ പോറ്റി, എ. പത്‌മകുമാർ, എൻ.വാസു, മുരാരി ബാബു തുടങ്ങിയവരുടെ വീടുകളിലും ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളിലും ഓഫീസുകളിലുമായാണ് ഇന്ന് രാവിലെ മുതൽ റെയ്‌ഡ് ആരംഭിച്ചത്.
ചെന്നൈയിലെ സ്‍മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിലും സ്വർണവ്യാപാരിയായ ഗോവർധന്റെ ബെല്ലാരിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്‌ഥാനത്തും ഇഡി റെയ്‌ഡ് ആരംഭിച്ചിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് ഇഡിയും പരിശോധിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ച് കേസിൽ ഇടപെടാൻ അവകാശമുണ്ടെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കേസിൽ ഇടപെടാൻ ഇഡിക്ക് അനുമതി നൽകിയത്. പിഎംഎൽഎ ആക്‌ട് പ്രകാരം ഇഡി കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. എസ്ഐടി പ്രതിചേർത്ത കണ്‌ഠരര് രാജീവരടക്കം മുഴുവൻ പേരെയും പ്രതിചേർത്താണ് ഇഡി ഇസിഐആർ രജിസ്‌റ്റർ ചെയ്‌തത്.
ഉണ്ണിക്കൃഷ്‌ണൻ പോറ്റി ഒന്നാം പ്രതിയായ കേസിലെ 15ലേറെ പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. എസ്ഐടി അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഇഡിയുടെ ഇന്റലിജൻസ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. സ്വർണക്കൊള്ളയിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.
Most Read| ‘പാക്കിസ്‌ഥാനെ പിന്തുണയ്‌ക്കുന്നത് നിർത്തണം’; പോളണ്ടിന് കർശന മുന്നറിയിപ്പുമായി ഇന്ത്യ






































