തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ 15ആം കേരള നിയമസഭയുടെ അവസാന സമ്മേളനം ആരംഭിച്ചു. തന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിച്ചടിയായി എന്നതുൾപ്പടെയുള്ള കേന്ദ്രവിമർശനം ഉൾപ്പെടുത്തിയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം നടത്തിയ ഭേദഗതികളും 100 പ്രവൃത്തിദിവസം 60 ദിവസായി കുറച്ചതും സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും, പദ്ധതി പഴയ നിലയിൽ നടപ്പാക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
വിവിധ പദ്ധതികളിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. ജിഎസ്ടി വിഹിതത്തിൽ കുറവുണ്ട്. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ദേശീയപാത പദ്ധതിയിൽ ചിലവഴിക്കുന്ന തുക കടമെടുപ്പ് പരിധിയിൽ പെടുത്തുന്നത് പ്രതിസന്ധിയാണെന്നും ഗവർണർ പറഞ്ഞു. അതിദാരിദ്രനിർമാർജനം ഉൾപ്പടെ സർക്കാരിന്റെ നേട്ടങ്ങളും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിനിടെ എടുത്തുപറഞ്ഞു.
കേരളം വികസന പാതയിൽ കുത്തിക്കുന്നുവെന്നും പത്തുവർഷത്തിനുള്ളിൽ മികച്ച മുന്നേറ്റം നടത്തിയെന്നും ഗവർണർ നിയമസഭയിൽ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് നയപ്രഖ്യാപനത്തിനായി സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, മന്ത്രി എംബി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ഇത്തവണ മാർച്ച് 26 വരെയാണ് സഭ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം സഭ പിരിയും. 29ന് 2026-27 വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. തുടർന്ന് 2 മുതൽ 5 വരെ ബജറ്റിനെ കുറിച്ചുള്ള പൊതുചർച്ചയും വോട്ടെടുപ്പും നടക്കും. ഫെബ്രുവരി 6 മുതൽ 22 വരെ സഭ ചേരില്ല.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































