ടെഹ്‌റാൻ: ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് കടുത്ത നടപടിക്കൊരുങ്ങി ഇറാൻ. പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണമെന്ന് ഇറാൻ പോലീസ് മേധാവി അഹ്‌മദ് റേസ റാദൻ അന്ത്യശാസനം നൽകി. പറഞ്ഞ സമയത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കീഴടങ്ങാൻ തയ്യാറാകാത്തവർ നിയമത്തിന്റെ പൂർണ ശക്‌തിയെ നേരിടണമെന്നും പോലീസ് മേധാവി പറഞ്ഞതായാണ് വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നത്. സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രതിഷേധത്തിനാണ് ഇറാൻ സാക്ഷ്യം വഹിച്ചത്. ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ച, വിലക്കയറ്റം എന്നിവ ഉയർത്തി ഡിസംബർ 28നാണ് ഇറാൻ ജനത പ്രതിഷേധം ആരംഭിച്ചത്.
കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. പിന്നാലെ വിദ്യാർഥികളും തെരുവിലേക്ക് ഇറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നു. ഇന്റർനെറ്റ് സേവനം അടക്കം വിച്‌ഛേദിച്ചതോടെ പ്രക്ഷോഭം ആളിക്കത്തി. പ്രതിഷേധം അടിച്ചമർത്താൻ സുരക്ഷാ സേന ശ്രമിച്ചതോടെയാണ് ഇറാനിൽ മരണസംഖ്യ ഉയർന്നത്.
അധികാരികളുടെ ഭാഗത്തുനിന്നും പ്രതിഷേധക്കാർക്ക് നേരെയുണ്ടായ അടിച്ചമർത്തൽ ഭീകരമായിരുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. വിവിധ സംഭവങ്ങളിലായി കുറഞ്ഞത് 5000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വാദം.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































