കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്‌തഫയെ റിമാൻഡ് ചെയ്‌തു. കുന്ദമംഗലം ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
തുടർന്ന് പോലീസ് മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് ഇന്ന് ഉച്ചയോടെ ഷിംജിതയെ കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഷിംജിത ഒളിവിൽപ്പോവുകയായിരുന്നു. ഇതിനിടെ, ഷിംജിത മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. ഈ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് അറസ്‌റ്റ്.
പയ്യന്നൂരിൽ സ്വകാര്യ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വടകര സ്വദേശിനിയായ ഷിംജിത മുസ്‌തഫ ഇൻസ്‌റ്റാഗ്രാമിൽ വീഡിയോ പോസ്‌റ്റ് ചെയ്‌ത് പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്‍മഹത്യ ചെയ്‌തത്. യുവതിയുടെ പേരിൽ നടപടിയാവശ്യപ്പെട്ട് ദീപക്കിന്റെ അമ്മ കന്യക തിങ്കളാഴ്‌ച സിറ്റി പോലീസ് കമ്മീഷണർ പരാതി നൽകിയിരുന്നു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































