തിരുവനന്തപുരം: ബലാൽസംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഡികെ. മുരളി എംഎൽഎ നൽകിയ പരാതി സ്‌പീക്കർ എഎൻ ഷംസീർ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. നിയമസഭയുടെ അന്തസിന് നിരക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്‌ത രാഹുലിനെതിരെ ഉചിതമായ നടപടി വേണമെന്നാണ് മുരളി ആവശ്യപ്പെട്ടത്.
അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എംഎൽഎമാരെ നിയമസഭയ്‌ക്ക് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പുറത്താക്കാം. ഇതിന് എംഎൽഎമാരുടെ പരാതി വേണം. ഈ സാഹചര്യത്തിലാണ് ഡികെ.മുരളി പരാതി നൽകിയത്. സ്‌പീക്കർ കമ്മിറ്റിക്ക് വിട്ടതിനാൽ മുരളിക്ക് ഇനി ആ പരാതി നിയമസഭയിൽ ഉന്നയിക്കാനാവില്ല.
കമ്മിറ്റി റിപ്പോർട്ടായിരിക്കും ഇനി സഭയുടെ മുന്നിലെത്തുക. അതനുസരിച്ചുള്ള ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം സഭ പാസാക്കണം. ശാസന മുതൽ പുറത്താക്കൽ വരെയുള്ള ശിക്ഷ സഭയ്‌ക്ക് നടപ്പാക്കാം. നിയമസഭയിലെ അവകാശങ്ങളും പെരുമാറ്റച്ചട്ടവും (പ്രിവ്‌ലിജ് ആൻഡ് എത്തിക്‌സ്) കമ്മിറ്റി അധ്യക്ഷൻ മുരളി പെരുന്നെല്ലിയാണ്.
സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ, കെകെ.ശൈലജ, എച്ച്. സലാം എന്നിവരാണ് സിപിഎം അംഗങ്ങൾ. ഐപിഐയിൽ നിന്ന് പി. ബാലചന്ദ്രനും ജെഡിഎസിൽ നിന്ന് മാത്യു ടി തോമസും കമ്മിറ്റിയിൽ അംഗമാണ്. യുഡിഎഫിന് രണ്ട് അംഗങ്ങളാണുള്ളത്. റോജി എം ജോണും യുഎ ലത്തീഫും.
കമ്മിറ്റി രാഹുലിന്റെയും മുരളിയുടെയും മൊഴിയെടുക്കും. പരാതിക്ക് അനുബന്ധമായ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കണം. കോടതി നിരീക്ഷണങ്ങളും അതിജീവിതമാരുടെ പരാതികളും അടിസ്‌ഥാനമാക്കിയാണ് മുരളിയുടെ പരാതി. മൊഴിയെടുക്കാൻ ആരെയും വിളിച്ചുവരുത്താൻ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
ഈ സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്. അതിനാൽ, സമ്മേളനം അവസാനിക്കുന്നതിന് മുൻപ് നടപടികൾ പൂർത്തിയാക്കണം. മാർച്ച് 26 വരെയാണ് സമ്മേളനം. കമ്മിറ്റി രാഹുലിനെ നീക്കണമെന്ന നിലപാട് സ്വീകരിക്കുകയും തീരുമാനം നിയമസഭ അംഗീകരിക്കുകയും ചെയ്‌താൽ സംസ്‌ഥാന നിയമസഭയിൽ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയാകും രാഹുൽ മാങ്കൂട്ടത്തിൽ.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































