തിരുവനന്തപുരം: ചാണ്ടി ഉമ്മന്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ. ഉമ്മൻചാണ്ടി തന്നെ ദ്രോഹിച്ചതിന് കണക്കില്ലെന്നും തന്റെ കുടുംബം തകർത്തതിലും മക്കളിൽ നിന്ന് തന്നെ അകറ്റിയതും അദ്ദേഹത്തിന് പങ്കുണ്ടെന്നും ഗണേഷ് കുമാർ ആരോപിച്ചു.
സോളാർ കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കെബി. ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്റെ പരാമർശത്തിന് എതിരെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. ഉമ്മൻചാണ്ടി കുടുംബം തകർത്ത് തന്നെയും മക്കളെയും രണ്ടുവഴിക്കാക്കി. ഒരു നല്ല മനുഷ്യനും കുടുംബനാഥനും ആയിരുന്നെങ്കിൽ ഉമ്മൻചാണ്ടി ഞങ്ങളെ യോജിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
ഇതിനെല്ലാം മറുപടി പറയേണ്ടി വരും. വായിൽ വിരലിട്ടാൽ പഴയ കഥകൾ പറയുമെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇത്രയുംകാലം ഇല്ലാതിരുന്ന രഹസ്യം ഇപ്പോൾ പുറത്തുവിടുന്നത് ആരെ പറ്റിക്കാനാണെന്നും ഗണേഷ് ചോദിച്ചു.
നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാൻ കൂട്ടുനിൽക്കാത്തതിന്റെ പേരിലാണ് 2003ൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം തിരിച്ചു നൽകാമെന്ന് കൊടിക്കുന്നിൽ സുരേഷിന്റെ സാന്നിധ്യത്തിൽ ഉമ്മൻചാണ്ടി അച്ഛനോട് സമ്മതിച്ചതാണ്. എന്നിട്ട് പറ്റിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു.
സോളാർ കേസിൽ വിവാദമായ കത്ത് വിഷയത്തിൽ ഉമ്മൻചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ, ഗണേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമർശനം നടത്തിയിരുന്നു. ഗണേഷ് കുമാർ തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും തന്നെ സ്നേഹിച്ചത് പോലെയാണ് ഗണേഷ് കുമാറിനെയും അപ്പൻ സ്നേഹിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
എന്നിട്ടും സോളാർ കേസിൽ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ഇത് ചർച്ചയായതിനെ തുടർന്നാണ് വിശദീകരണവുമായി ഗണേഷ് കുമാർ രംഗത്തെത്തിയത്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക








































