പാലക്കാട്: അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ. ശ്രീധരൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയതായും, പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ മന്ത്രി വാക്കാലുള്ള അനുമതി നൽകിയിട്ടുണ്ടെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും ഇ. ശ്രീധരൻ അറിയിച്ചു.
റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നുള്ളത് കൊണ്ട് തങ്ങൾ നടപടികൾ നേരത്തെയാക്കിയെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങും. ആദ്യ പദ്ധതി 350 കിലോമീറ്റർ വേഗതയിലായിരുന്നു. 60-64 കിലോമീറ്റർ പരിധിയിലായിരുന്നു ആദ്യത്തെ സ്റ്റേഷൻ പരിധി.
അതുമാറി 200 കിലോമീറ്ററാണ് ഇപ്പോൾ പരിഗണിക്കുന്ന പരമാവധി വേഗം. 20-25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ വരും. 22 സ്റ്റേഷനുകളാണ് ഉണ്ടാകുകയെന്നും ശ്രീധരൻ വിശദീകരിച്ചു. തുടക്കത്തിൽ എട്ട് കൊച്ചുകളുണ്ടാകും. 560 പേർക്ക് യാത്ര ചെയ്യാം. പിന്നീട് യാത്രക്കാരുടെ എണ്ണം നോക്കി മാറ്റും. 86,000 കോടിയാണ് പദ്ധതി ചലവ്. ഇത് ഒരുകോടി വരെ നീളവും.
പദ്ധതി ചിലവിന്റെ 51% റെയിൽവേ വഹിക്കും. 60,000 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കണം. അഞ്ചുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. കിലോമീറ്ററിന് 200 കോടി എന്ന നിലയ്ക്കാണ് കണക്കാക്കുന്നത്. അപകടം കുറയും, യാത്രാ ചിലവും കുറയും എന്നതാണ് അതിവേഗ റെയിലിന്റെ പ്രത്യേകത. ഇപ്പോഴുള്ള പാതയുമായി കണക്ഷൻ ഉണ്ടാകില്ല. സ്റ്റാൻഡേർഡ് ഗേജിൽ ആയിരിക്കും നിർമാണം. ഗുഡ്സ് ട്രെയിനുകൾക്ക് സർവീസ് ഉണ്ടാകില്ല.
70 ശതമാനം എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകും. പദ്ധതിക്കെതിരെ സമരം പാടില്ല. അതിനാൽ ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലം ഏറ്റെടുപ്പ്. തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. വീട് കെട്ടാൻ പാടില്ല. അതേസമയം, കൃഷിക്ക് ഉപയോഗിക്കാം. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തിട്ടില്ലെന്നും 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി.
സ്റ്റേഷനുകൾ: തിരുവനന്തപുരം- സെൻട്രൽ, തിരുവനന്തപുരം വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം), ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ തിരൂർ, മലപ്പുറം (കരിപ്പൂർ വിമാനത്താവളം) കോഴിക്കോട് (റെയിൽവേ സ്റ്റേഷന് സമീപം), കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ.
Most Read| ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു






































