തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വിസ്‌മയമായി മാറിയെന്നും നാടിന്റെ സ്വപ്‌നമാണ് യഥാർഥ്യമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന്റെ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം കുതിപ്പിനാണ് ഇതോടെ തുടക്കമായത്. അടിസ്‌ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമാണിത്. വിഴിഞ്ഞം പദ്ധതിക്ക് നിരവധി പ്രയാസങ്ങളും പ്രതിബദ്ധങ്ങളും അനുഭവിക്കേണ്ടി വന്നു. തുടങ്ങിയത് യുഡിഎഫ് സർക്കാരാണെങ്കിലും പദ്ധതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് സർക്കാരിനാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളിന് സ്വാഗതം പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്രമന്ത്രി സാധ്യമായത് എല്ലാം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
”നമ്മുടെ നാട് കേട്ടിരുന്ന ആക്ഷേപം ഇവിടെ ഒന്നും നേരെചൊവ്വെ നടക്കില്ല എന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിനെ ആക്ഷേപിച്ചവരും പരിഹസിച്ചവരും ഉണ്ട്. നാം അതിന് മറുപടി നൽകിയത് വിഴിഞ്ഞം പോലുള്ള അനേകം പദ്ധതികൾ ഉൽഘാടനം ചെയ്‌താണ്. കേരളത്തിൽ എല്ലാം നടക്കും എന്ന കാര്യം ഉൾക്കൊള്ളുന്ന അവസ്‌ഥയിലേക്ക് എല്ലാവരും എത്തി.
ഒന്നാംഘട്ടം കഴിഞ്ഞപ്പോൾ തന്നെ വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി മാറി. ലോകത്തെ ഭീമൻ കപ്പലുകൾ ഇവിടേക്ക് വരികയാണ്. അതിന്റെ ഭാഗമായി യുവാക്കൾക്ക് തൊഴിലവസരം ലഭ്യമാക്കും. കേരളത്തിനാകെ പദ്ധതിയുടെ ഗുണം ലഭിക്കും. ഒന്നാംഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽ ചാനലിൽ കേരളത്തിന്റെ പേര് സുവർണ ലിപികളാൽ എഴുതപ്പെട്ടു.
പ്രതിവർഷം പത്തുലക്ഷം ടിയുഇ ആയിരുന്നു വിഴിഞ്ഞത്തെ ശേഷിയായി കണക്കാക്കിയത്. പാത്തുമാസം കൊണ്ട് ഈ ലക്ഷ്യം നേടി. വിഴിഞ്ഞത്ത് ആദ്യവർഷം 615 കപ്പലുകളെത്തി. പ്രതിമാസം അമ്പതിലേറെ കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നുപോകുന്നത്. കുറഞ്ഞ സമയത്ത് ആയിരം കപ്പലെന്ന നേട്ടം കയ്യെത്തും ദൂരത്താണ്”- മുഖ്യമന്ത്രി പറഞ്ഞു.
Most Read| അഞ്ച് ചലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും; വാഹന നിയമങ്ങൾ കർശനമാക്കി








































