മൂന്നാം വയസിലാണ് എൻ. രാജം വയലിനിൽ വിരൽ ചേർത്ത് തുടങ്ങിയത്. പിതാവ് നാരായണ അയ്യരുടെ ശിക്ഷണത്തിൽ ആയിരുന്നു പഠനം. 13ആം വയസിൽ എംഎസ് സുബ്ബലക്ഷ്‌മിയോടൊപ്പം വേദി പങ്കിട്ട് സദസിനെ വിസ്‌മയിപ്പിച്ച രാജത്തിന് ‘ഭൈരവി രാജ’ എന്ന വിളിപ്പേരും ഇതോടെ കിട്ടി. ഇന്ന് പത്‌മവിഭൂഷൺ അവാർഡ് നിറവിലാണ് ‘പാടുന്ന വയലിൻ’ എന്നറിയപ്പെടുന്ന എൻ. രാജം.
എറണാകുളത്ത് ജനിച്ചുവളർന്ന രാജത്തെ ഹിന്ദുസ്‌ഥാനി സംഗീത വയലിനിലേക്ക് വഴിതിരിച്ചുവിട്ടത് പിതാവ് നാരായണ അയ്യരാണ്. കർണാടക സംഗീത വയലിനിൽ മകൻ ടിഎൻ കൃഷ്‌ണൻ അഗ്രഗണ്യനായതുപോലെ ഹിന്ദുസ്‌ഥാനി സംഗീതത്തിൽ മകൾ ശ്രദ്ധയാകർഷിക്കട്ടെ എന്ന് പിതാവ് തീരുമാനിച്ചു.
അങ്ങനെ, ഓംകാർനാഥ് താക്കൂറിന്റെ ശിക്ഷണത്തിൽ ബനാറസിൽ വർഷങ്ങളോളം രാജം വയലിൻ അഭ്യസിച്ചു. ”ഗായകി ആംഗ് ശൈലി” രാജത്തിന്റെ സംഭാവനയാണ്. വയലിൻ ഇന്ന് ഹിന്ദുസ്‌ഥാനി സംഗീതത്തിൽ അവിഭാജ്യമാകാൻ സഹായിച്ച സംഭാവന.
ബനാറസ് സർവകലാശാലയിൽ നിന്ന് സ്വർണമെഡലോടെ സംസ്‌കൃതത്തിൽ എംഎയും സംഗീതത്തിൽ ഡോക്‌ടറേറ്റും നേടിയ ഈ 88 വയസുകാരി, 40 വർഷത്തോളം അവിടെ പ്രൊഫസറും സംഗീതവകുപ്പ് മേധാവിയും ഡീനുമായിരുന്നു. ടിഎസ്. സുബ്രഹ്‌മണ്യൻ ആണ് ഭർത്താവ്. സംഗീത ശങ്കർ മകളാണ്.
എട്ടുപതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ ഒട്ടേറെ പുരസ്‌കാരങ്ങൾ രാജത്തെ തേടിയെത്തി. 1984ൽ പത്‌മശ്രീയും 2004ൽ പത്‌മഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം (1990), കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (2012), പുട്ടരാജ സമ്മാൻ (2004), പൂണെ പണ്ഡിറ്റ് പുരസ്‌കാരം (2010) എന്നിവയും ലഭിച്ചിട്ടുണ്ട്.
Most Read| അച്‌ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും






































