അർബുദം ബാധിച്ച രോഗികൾ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമെന്ന് പഠനം. ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
അർബുദം ശരീരത്തിലെ നീർക്കെട്ടിനും രക്‌തം കട്ടപിടിക്കുന്ന പ്രക്രിയയിലും ഉണ്ടാക്കുന്ന ദീർഘകാല മാറ്റങ്ങളാണ് ഹൃദ്രോഗമരണ സാധ്യത വർധിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അർബുദ ചികിൽസയുടെ സമയത്തും അതിന് ശേഷവും ഹൃദ്രോഗ സാധ്യത സംബന്ധിച്ച് കൂടുതൽ കരുതൽ ആവശ്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ചെറുപ്രായത്തിൽ അർബുദം ബാധിക്കപ്പെട്ടവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നാണ് പഠനം മുന്നോട്ടുവെക്കുന്ന പ്രധാന വസ്‌തുത. 3,79,944 പേരുടെ ഡേറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇവർക്ക് പഠനത്തിന്റെ ആരംഭത്തിൽ ഹൃദ്രോഗം ഉണ്ടായിരുന്നില്ല. ഇതിൽ 65,047 പേർ അർബുദ രോഗികളായിരുന്നു.
പ്രായം, ലിംഗപദവി, പുകവലി, ബോഡി മാസ് ഇൻഡക്‌സ്, രക്‌തസമ്മർദ്ദം, രക്‌തത്തിലെ പഞ്ചസാരയുടെ അളവ്, വൃക്കയുടെ പ്രവർത്തനത്തിന്റെ അളവുകോലായ സിസ്‌റ്റാറ്റിൻ സി, നീർക്കെട്ടിനെ സൂചിപ്പിക്കുന്ന ന്യൂട്രോഫിൽ കൗണ്ട് എന്നിങ്ങനെ ഹൃദ്രോഗ മരണത്തിന്റെ സാധ്യതയിൽ സ്വാധീനം ചെലുത്താവുന്ന ഒമ്പത് ഘടകങ്ങളും പഠനം കണ്ടെത്തി.
Most Read| വയലിനിൽ മന്ത്രികം തീർത്ത കലാകാരി; പത്‌മവിഭൂഷൺ നിറവിൽ എൻ. രാജം






































