ന്യൂഡെൽഹി: കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക് ആണ് ഇതുസംബന്ധിച്ചുള്ള സൂചന നൽകിയത്. യുറേനിയം, ഊർജം, ധാതുക്കൾ, നിർമിതബുദ്ധി (എഐ) എന്നിവ സംബന്ധിച്ച കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കാനഡയുടെ ഊർജ മന്ത്രി ടിം ഹോഡ്‌സൺ ഈ ആഴ്‌ച ഇന്ത്യ സന്ദർശിക്കുന്നുണ്ട്, ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) ഔദ്യോഗിക ചർച്ചകളും മാർച്ചിൽ ആരംഭിക്കണം’- പട്‌നായിക് പറഞ്ഞു. ഇരുരാജ്യങ്ങളും നവംബറിൽ നിർത്തിവെച്ച വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
ആണവോർജം, എണ്ണ, വാതകം, പരിസ്‌ഥിതി, എഐ, ക്വാണ്ടം കമ്പ്യൂട്ടിങ്, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലും മാർക്ക് കാർണി ഒപ്പുവെക്കുമെന്നും പട്‌നായിക് അറിയിച്ചു. 2.8 ബില്യൺ കനേഡിയൻ ഡോളറിന്റെ യുറേനിയം പത്തുവർഷത്തെ വിതരണ കരാർ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ അന്താരാഷ്‌ട്ര ഊർജ ഏജൻസിയുടെ സംരക്ഷണ സംവിധാനങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ കാനഡ- ഇന്ത്യ ആണവ സഹകരണ കരാറിന് കീഴിൽ യുറേനിയം വിൽക്കാൻ കാനഡ ഒരുക്കമാണെന്നാണ് സൂചന. ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ധനമന്ത്രി നിർമല സീതാരാമനും ഉടൻ കാനഡ സന്ദർശിക്കുമെന്നും പട്‌നായിക് വ്യക്‌തമാക്കി.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ







































